| Thursday, 12th July 2018, 10:41 am

പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റിന് മറുപടി പറയവേ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ അധിക്ഷേപിച്ച് ഹരിയാന ബി.ജെ.പി നേതാവ് രമണ്‍ മാലിക്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടില്‍ വന്ന ഒരു തെറ്റിനെ ആയുധമാക്കിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പ്രസ്താവന.

“”മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പോലും പ്രധാനമന്ത്രി കള്ളം പറയുകയാണ്. യു.പി.എ കാലത്ത് ഇവിടെ 1141 മണ്ണ് പരിശോധനാ ലാബോറട്ടറികള്‍ ഉണ്ടായിരുന്നു @പ്രിയങ്കചോപ്ര എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇന്നലെ വന്ന ട്വീറ്റ്.


വീണ്ടും അമേരിക്കയുടെ ഉപരോധഭീഷണി: ഇത്തവണ ഭീഷണി റഷ്യന്‍ പദ്ധതിയില്‍ അംഗമായ സ്ഥാപനങ്ങള്‍ക്ക്


കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോദിക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ പ്രിയങ്കയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍  പോസ്റ്റു ചെയ്തപ്പോള്‍ പ്രിയങ്ക ചതുര്‍വേദി എന്നതിന് പകരം പ്രിയങ്ക ചോപ്ര എന്ന് തെറ്റിയെഴുതുകയായിരുന്നു. നിരവധി പേര്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.

പ്രിയങ്കചോപ്ര, താങ്കള്‍ എന്ന് മുതലാണ് നിങ്ങള്‍ രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായത്. പപ്പുവിന്റെ പിഡി(രാഹുലിന്റെ പട്ടി)യുടെ റോള്‍ ഏറ്റെടുത്തതാണോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.

എന്നാല്‍ ഇതിന് പിന്നാലെ രമണ്‍ മാലിക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ചോപ്രയുടെ ആരാധകരുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നായയായി പ്രിയങ്കയെ ഉപമിച്ച നടപടി അങ്ങേയറ്റം മോശമായെന്നും ഇതില്‍ നിങ്ങള്‍ മാപ്പുപറഞ്ഞേ തീരൂവെന്നുമായിരുന്നു ചിലരുടെ ആവശ്യം.


ക്രിസ്റ്റിയാനോയെ യുവന്റസ് വാങ്ങിയതിന് പിന്നാലെ ഫിയറ്റ് കാര്‍ കമ്പനിയില്‍ തൊഴിലാളി സമരം


“” രമണ്‍ ജീ നിങ്ങള്‍ ഒരു വിവേകമുള്ള മനുഷ്യനാണ് എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഈയൊരു ട്വീറ്റിലൂടെ എന്റെ വിശ്വാസം തെറ്റാണ് നിങ്ങള്‍ തെളിയിച്ചു. പ്രിയങ്ക ചോപ്രയെന്ന് തെറ്റായി എഴുതിയതാണെന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിയാം. എന്നിട്ടും അവരെ അപമാനിക്കാനുള്ള നിങ്ങളുടെ ശ്രമം തരംതാഴ്ന്നതായിപ്പോയി. “”-എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ വിശദീകരണവുമായി മാലിക് രംഗത്തെത്തി. താന്‍ അങ്ങനെ ഉദ്ദേശിച്ചുപറഞ്ഞതല്ലെന്നും പപ്പുവിന്റെ പിഡിയ്ക്കും ട്വിറ്റര്‍ അക്കൗണ്ടില്‍ റോള്‍ ഉണ്ടോ എന്ന് ചോദിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. എന്തായാലും വിഷയത്തില്‍ നടി പ്രിയങ്കചോപ്ര പ്രതികരണത്തിന് തയ്യാറായിട്ടില്ല.

We use cookies to give you the best possible experience. Learn more