| Monday, 14th June 2021, 5:51 pm

ഹരിയാനയില്‍ ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതിനായി തറക്കല്ലിട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ ഇളക്കി മാറ്റി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: ഹരിയാനയില്‍ ബി.ജെ.പി. ഓഫീസ് നിര്‍മിക്കുന്നതിനായി സ്ഥാപിച്ചിരുന്ന തറക്കല്ല് ഇളക്കിമാറ്റി കര്‍ഷകര്‍. ഹരിയാനയിലെ ജജ്ജറിലാണ് സംഭവം.

ബി.ജെ.പി. പ്രവര്‍ത്തകര്‍ തറക്കല്ലിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ഷകര്‍ എടുത്തുമാറ്റുകയായിരുന്നു. ഇവര്‍ കര്‍ഷകര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരുകൂട്ടം കര്‍ഷകരാണ് തറക്കല്ല് ഇളക്കിമാറ്റിയതെന്ന് ബി.ജെ.പിക്കാര്‍ ആരോപിക്കുകയും ചെയ്യുന്നു.

കര്‍ഷകരെ പേടിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.

‘രാവിലെ പത്ത് മണിക്കായിരുന്നു ബി.ജെ.പിയുടെ പരിപാടി നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ ഭയന്ന് ബി.ജെ.പി.-ജെ.ജെ.പി. പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു. ഞങ്ങളുടെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ അത് നീക്കം ചെയ്തു,’ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.

കര്‍ഷകര്‍ കരിങ്കൊടിയുമായി എത്തിയാണ് തറക്കല്ലിട്ടത് എടുത്തുമാറ്റിയത്. ബി.ജെ.പി.-ജെ.ജെ.പി. സര്‍ക്കാരിനെതിരെ ഇവര്‍ മുദ്രാവാക്യവും വിളിക്കുകയും ചെയ്തു.

തറക്കല്ലിളക്കി മാറ്റിയ കര്‍ഷകര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞത്.

ബി.ജെ.പിയുടെയും ജെ.ജെ.പിയുടെയും പൊതു പരിപാടികള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ച് രംഗത്തെത്താറുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആറ് മാസത്തോളമായി ദല്‍ഹിയിലെ അതിര്‍ത്തികളില്‍ സമരം ചെയ്ത് വരികയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Haryana BJP lays office stone, 2 hrs later farmers raze it

We use cookies to give you the best possible experience. Learn more