പടക്കം വേണ്ട; ദീപാവലിക്ക് മുന്‍പ് പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സര്‍ക്കാര്‍
national news
പടക്കം വേണ്ട; ദീപാവലിക്ക് മുന്‍പ് പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st October 2021, 4:03 pm

ചണ്ഡിഗഢ്: ദീപാവലിക്ക് മുന്‍പേ ദല്‍ഹിയ്ക്ക് സമീപമുള്ള 14 ജില്ലകളില്‍ പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സര്‍ക്കാര്‍. ഇന്ന് പുറത്തുവിട്ട വിജ്ഞാപനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള പടക്കങ്ങളുടെ കച്ചവടവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

പടക്കം പൊട്ടിക്കുന്നത് ശ്വാസസംബന്ധമായ രോഗികളെ പ്രതികൂലമായി ബാധിക്കുമെന്നും ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കാണിച്ചാണ് സര്‍ക്കാരിന്റെ ഈ നിരോധനം. ഹരിത ട്രിബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും വിധി ഉദ്ധരിച്ചാണ് സര്‍ക്കാര്‍ പടക്കങ്ങള്‍ നിരോധിച്ചത്.

ഭിവാനി, ഛര്‍ഖി, ഫരീദാബാദ്, ഗുരുഗ്രാം, ജജ്ജാര്‍, ജിന്ദ്, കര്‍ണാല്‍, മഹേന്ദ്രഗഢ്, നുഹ്, പല്‍വാല്‍, പാനിപ്പത്ത്, രെവാരി, റോത്തക്, സോനിപ്പത്ത് എന്നീ ജില്ലകളിലാണ് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അന്തരീക്ഷ വായുവിന്റെ ശരാശരി നിലവാരം മോശമായ പട്ടണങ്ങള്‍ക്കും ഈ നിരോധനം ബാധകമാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കല്യാണം, മറ്റ് അഘോഷങ്ങള്‍ എന്നിവയ്ക്ക് മലിനീകരണം കുറഞ്ഞ തോതിലുള്ള ഗ്രീന്‍ ക്രാക്കേഴ്‌സ് മാത്രമാണ് അനുവദനീയമായിട്ടുള്ളത്.

സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് രാത്രി 8 മുതല്‍ 10 വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

വര്‍ധിച്ചു വരുന്ന വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ദല്‍ഹിയില്‍ പടക്കങ്ങളുടെ വില്‍പനയും സംഭരണവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Haryana Bans Crackers In 14 Districts Near Delhi Days Before Diwali