ന്യൂദല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടിയിരുന്ന “ഹാര്‍വെസ്റ്റ് ടി.വി” ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു നിര്‍ത്തിവച്ചതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പരാതി. ചാനല്‍ എയര്‍ ചെയ്യരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ ടാറ്റ സ്‌കൈക്ക് നിര്‍ദേശം നല്‍കിയതായി കപില്‍ സിബല്‍ ആരോപിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, ബര്‍ഖാ ദത്ത്, പുണ്യപ്രസൂണ്‍ ജോഷി തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഹാര്‍വെസ്റ്റ് ടി.വി ലോക്‌സഭ തെരഞ്ഞെടുപ്പിനു ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങാനായിരുന്നു തീരുമാനം. 24 മണിക്കൂര്‍ വാര്‍ത്താ ചാനലായാണ് ഇത് പ്രവര്‍ത്തിക്കുക.
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ഹിന്ദി ന്യൂസ് ചാനലടക്കം സംപ്രേഷണം ആരംഭിക്കാനിരിക്കെയാണ് ഹാര്‍വെസ്റ്റ് ടിവിയുടെ കടന്നുവരവ്.
പ്രമുഖ അഭിഭാഷകര്‍ കൂടിയായ കപില്‍ സിബലും പി. ചിദംബരവുമാണ് ചാനലിന്റെ പ്രധാന നിക്ഷേപകര്‍. ഇവര്‍ക്കൊപ്പം കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും വ്യവസായി നവീന്‍ ജിന്‍ഡാലും പണം മുടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ ഹാര്‍വെസ്റ്റ് ടിവിയുടെ ഭാഗമായ കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ടി.വി അഭിമുഖ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അഭിമുഖത്തില്‍നിന്ന് ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു.
ആ ഒറ്റ അഭിമുഖം കൊണ്ട് നരേന്ദ്ര മോദിക്ക് തന്നോട് വിദ്വേഷമുണ്ടായി എന്നും പ്രധാനമന്ത്രിയായതിന് ശേഷം അതിന്റെ പ്രതികാരം അദ്ദേഹം തന്നോട് തീര്‍ത്തുകൊണ്ടിരിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണമുന്നയിച്ചു കൊണ്ട് അദ്ദേഹം അടുത്തിടെ രംഗത്തെത്തിയരുന്നു.
ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച “ഡെവിള്‍സ് അഡ്വക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി” എന്ന തന്റെ പുസ്തകത്തിലാണ് കരണ്‍ ഥാപ്പര്‍ വെളിപ്പെടുത്തല്‍ നടത്തിയിയത്.
അതേസമയം ചാനലിനെതിരെ തങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് കേരളത്തില്‍ നിന്നുള്ള ക്യസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള ഹാര്‍വെസ്റ്റ് ടി.വിയും രംഗത്തെത്തിയിരുന്നു.