ന്യൂയോര്‍ക്ക് : വേദി ന്യൂയോര്‍ക്കിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍. പ്രസംഗിക്കാനെത്തുന്നത് ഇസ്രാഈല്‍ കൗണ്‍സില്‍ ജനറല്‍. വിഷയം ഇസ്രാഈല്‍ രാഷ്ട്ര നിര്‍മിതിയുടെ നിയമവശങ്ങള്‍. എന്നാല്‍ വേദിയിലെത്തിയ കൗണ്‍സില്‍ ജനറലിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത പ്രതിഷേധമായിരുന്നു.ഇസ്രാഈല്‍ കൗണ്‍സില്‍ ജനറലിനുനേരെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി.
കൗണ്‍സില്‍ ജനറലായ ഡാനി ഡയാല്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ സെറ്റില്‍മെന്റ്‌സ് ആര്‍ വാര്‍ ക്രൈം’എന്ന പ്ലക്കാര്‍ഡോടുകൂടി ഹാളിലുണ്ടായിരുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിനോടകം വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദന പ്രവാഹമാണ് വന്നു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രാഈല്‍ മേഖലയിലേക്ക് ആക്രമണം നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഗാസയിലെ ഫലസ്തീന്‍ സായുധ സേനയായ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദി നേതാവായ ബാഹ അബു അല്‍ അത്തയെയും ഭാര്യയെയും കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. മേഖലയില്‍ ഇസ്രാഈലിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇദ്ദേഹമാണെന്നായിരുന്നു ഇസ്രാഈലിന്റെ വാദം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാസയിലുണ്ടായ ഇസ്രാഈല്‍ മിസൈലാക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേരാണ് കൊല്ലപ്പെട്ടത്.ഇരു വിഭാഗങ്ങളില്‍ നിന്നായി 111 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 46 കുട്ടികളും 20 സ്ത്രീകളുമാണ്.