ഹാർവാർഡ് സർവകലാശാല പ്രസിഡന്റിനെതിരെ കോപ്പിയടി ആരോപണം; ജൂതനായ വെളുത്ത വർഗക്കാരനെ പകരം നിയമിക്കണമെന്ന് ആവശ്യം
World News
ഹാർവാർഡ് സർവകലാശാല പ്രസിഡന്റിനെതിരെ കോപ്പിയടി ആരോപണം; ജൂതനായ വെളുത്ത വർഗക്കാരനെ പകരം നിയമിക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2023, 9:34 am

ഹാർവാർഡ്: ഹാർവാർഡ് സർവകലാശാല പ്രസിഡന്റ്‌ ഡോ. ക്ലോഡിൻ ഗേയെ ഉടൻ പുറത്താക്കണമെന്നും സർവകലാശാലയുടെ ബോധം വീണ്ടെടുക്കാൻ നേതൃസ്ഥാനത്തേക്ക് പുതിയ ആളെ കൊണ്ടുവരണമെന്നും ആവശ്യം.

ഗേയെ പുറത്താക്കണമെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞ ഡോ. കരോൾ സ്വൈൻ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെട്ടു. ഡോ. ഗേ തന്റെ പി.എച്ച്.ഡി തീസിസിനായി വിവിധ അക്കാദമിക വിദഗ്ധർമാരുടെ പ്രബന്ധങ്ങൾ കോപ്പിയടിച്ചുവെന്നാണ് ആരോപണം. അതിലൊരാളാണ് ഡോ. സ്വൈൻ.

1997ൽ പ്രസിദ്ധീകരിച്ച ‘ചുമതല ഏറ്റെടുക്കുന്നു: കറുത്ത വർഗക്കാരുടെ തെരഞ്ഞെടുപ്പ് വിജയവും അമേരിക്കൻ നയങ്ങളുടെ പുനർനിർവചനവും’ (Taking Charge: Black Electoral Success and the Redefinition of American Policies) എന്ന ഡോ. ഗേയുടെ പ്രബന്ധത്തിനായി മറ്റ് സ്കോളർമാരുടേതിൽ നിന്ന് കോപ്പിയടിച്ചതിന് (Plagiarism) തെളിവുകൾ പുറത്തുവിട്ടത് കൺസർവേറ്റീവ് പ്രവർത്തകൻ ക്രിസ് റൂഫോയാണ്.

തുടർന്ന് വാഷിങ്ടൺ ഫ്രീ ബീക്കൺ നടത്തിയ അന്വേഷണത്തിൽ ഗേയുടെ ഏഴ് പ്രസിദ്ധീകരണങ്ങൾക്കെതിരെ 40 കോപ്പിയടി പരാതികൾ ഹാർവാർഡിന് ലഭിച്ചതായി കണ്ടെത്തി.

ഹാർവാർഡ് സർവകലാശാല നടത്തിയ അന്വേഷണത്തിൽ നാലിടത്ത് മതിയായ രീതിയിൽ ഗേ സൈറ്റേഷൻ (മറ്റുള്ളവരുടെ കണ്ടെത്തലുകൾ നമ്മുടെ കൃതിയിൽ ഉദ്ധരിച്ചെഴുതൽ) ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഗേക്കെതിരെ സർവകലാശാല ‘കോപ്പിയടി’ പ്രയോഗം നിർത്തലാക്കുകയും ‘ഗവേഷണ തിരിമറി’യിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഗേ തന്റെ പ്രബന്ധത്തിൽ സൈറ്റേഷൻ കൃത്യമായി നൽകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

അതേസമയം ഗേ മൂന്നിടത്തെങ്കിലും കോപ്പിയടി നടത്തിയിട്ടുണ്ടെന്നും ഇതിൽ ചിലത് ഗുരുതരമാണെന്നും അക്കാദമിക വിദഗ്ധർ ആരോപിച്ചു. കോപ്പിയടി പരാതിയിൽ അന്വേഷണം മാസങ്ങളും ചിലപ്പോൾ വർഷങ്ങളും വേണ്ടിവരും എന്നിരിക്കെ സർവകലാശാല എങ്ങനെയാണ് പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി ഗേയെ കുറ്റവിമുക്തയാക്കുക എന്നും അവർ ആരോപിച്ചു.

മാർക്സിസ്റ്റ് സ്വത്വ രാഷ്ട്രീയത്തോടുള്ള പ്രീണനം അവസാനിപ്പിച്ച് ക്ലാസിക്കൽ ലിബറലിസത്തിൽ വിശ്വസിക്കുന്ന ജൂതനും വെള്ളക്കാരനുമായ ആളെ നിയമിക്കണമെന്ന് ഡോ. സ്വൈൻ എക്‌സിൽ ആവശ്യപ്പെട്ടു.

സ്വൈനിന്റെ പുസ്തകം ‘ബ്ലാക്ക് ഫേസസ്, ബ്ലാക്ക് ഇന്ററസ്റ്റ്സ്’ലെ അവസാനത്തെ രണ്ട് ഗണ്ഡികകൾ ഗേ കോപ്പിയടിച്ചുവെന്നാണ് ആരോപണം.

സെപ്റ്റംബറിൽ ഹാർവാർഡിന്റെ പ്രസിഡന്റ് ചുമതലയേറ്റ ഗേ സർവ്വകലാശാലയെ നയിക്കുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കനാണ്. റുഫോ ഉൾപ്പെടെയുള്ള യാഥാസ്ഥിതിക പ്രമുഖ ഗേക്കെതിരെ വംശീയ പ്രചരണം നടത്തുകയാണെന്ന് ക്ലോഡിൻ ഗേയെ പിന്തുണച്ചുകൊണ്ട് ചിലർ പറഞ്ഞു.

ഈ മാസം തുടക്കത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ബിൽ അക്മാൻ ഗേയെ വംശത്തിന്റെയും ജെൻഡറിന്റെയും അടിസ്ഥാനത്തിലാണ് സർവ്വകലാശാല നിയമിച്ചത് എന്ന് അവകാശപ്പെട്ടിരുന്നു. ക്യാമ്പസിൽ ഇസ്രഈൽ വിരുദ്ധ പ്രസംഗത്തെ പിന്തുണച്ചതിന് ഗേയെ പുറത്താക്കണമെന്നും അക്മാൻ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Harvard president should be fired for plagiarism – academic