കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന് പ്രചരണം; പലയിടത്തും വാഹനങ്ങള്‍ തടയുന്നു
Kerala
കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന് പ്രചരണം; പലയിടത്തും വാഹനങ്ങള്‍ തടയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th April 2018, 9:44 am

കോഴിക്കോട്: കത്തുവയില്‍ മുസ്‌ലിം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പലയിടത്തും വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു.  മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകള്‍ തടഞ്ഞു. ചങ്കുവെട്ടിയില്‍ തൃശ്ശൂരില്‍ നിന്നെത്തിയ സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയില്‍ ട്രിപ്പ് മുടക്കി. കെ.എസ്.ആര്‍.ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. വണ്ടൂര്‍-കാളികാവ് റോഡില്‍ അഞ്ചത്തവിടി, കറുത്തേനി, വാണിയമ്പലം എന്നിവിടങ്ങളിലും റോഡ് തടസ്സപ്പെടുത്തി.

കണ്ണൂരിലും ഹര്‍ത്താലിന്റെ പേരില്‍ രാവിലെ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. നിലവില്‍ വാഹങ്ങള്‍ ഓടുന്നുണ്ടെങ്കിലും ഹോട്ടലുകള്‍ അടക്കമുള്ള കടകള്‍ തുറന്നിട്ടില്ല

പാലക്കാട് വാഹനം തടയാന്‍ തുടങ്ങിയതോടെ സ്ഥലത്തേക്കു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു തുടങ്ങി. കെ.എസ.്ആര്‍.ടിസി സ്റ്റാന്‍ഡ് പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രിയും നഗരത്തില്‍ പാലക്കാട് നഗരത്തില്‍ ഭീതി പരത്താന്‍ ശ്രമം ഉണ്ടായിരുന്നു. സുല്‍ത്താന്‍പേട്ട ജഗ്ക്ഷനില്‍ അജ്ഞാതര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. അതേസമയം വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചില പ്രാദേശിക സംഘടനളും സൗഹൃദകൂട്ടായ്മകളുമാണ് ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തിയത്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും പതിച്ചിരുന്നു പക്ഷേ ഔദ്യോഗികമായി ഹര്‍ത്താലുകളൊന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.