| Thursday, 19th April 2018, 2:58 pm

അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാനായിരുന്നുവെന്ന് ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.”

മനപ്പൂര്‍വം വര്‍ഗീയ സംഘര്‍ഷം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഹര്‍ത്താല്‍. ഇതിനു ചിലര്‍ മനഃപ്പൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതിനു ശ്രമിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read:  270 ലീഗുകാര്‍, 265 എസ്.ഡി.പി.ഐക്കാര്‍ ‘ജനകീയ ഹര്‍ത്താലിനെ’ തുടര്‍ന്ന് അറസ്റ്റിലായവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് ഇങ്ങനെ


വര്‍ഗീയ കലാപത്തിനു സാധ്യതയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട. രാത്രിയിലടക്കം വാഹനപരിശോധനയും പട്രോളിങും ശക്തമാക്കും. പൊലീസ് സ്റ്റേഷനുകളില്‍ ഏത് സമയവും സര്‍വസജ്ജമായിരിക്കണമെന്നു കാട്ടി ഡി.ജി.പി സര്‍ക്കുലറും ഇറക്കി.

നേരത്തെ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണു നടപടി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more