'ജനകീയ ഹര്‍ത്താല്‍' സംഘപരിവാറിന്റെ സൈബര്‍ വിംഗ് ആസൂത്രണം ചെയ്തതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ലക്ഷ്യം വര്‍ഗീയ കലാപം: ചന്ദ്രിക പത്രം
Kathua gangrape-murder case
'ജനകീയ ഹര്‍ത്താല്‍' സംഘപരിവാറിന്റെ സൈബര്‍ വിംഗ് ആസൂത്രണം ചെയ്തതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ലക്ഷ്യം വര്‍ഗീയ കലാപം: ചന്ദ്രിക പത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th April 2018, 11:56 am

കോഴിക്കോട്: “ജനകീയ ഹര്‍ത്താല്‍” എന്ന പേരില്‍ കഴിഞ്ഞദിവസം കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറിന്റെ സൈബര്‍ വിംഗാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് ചന്ദ്രിക ദിനപത്രം. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും സാമുദാകിയ ധ്രുവീകരണവും സൃഷ്ടിക്കുകയെന്നതാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഇന്റലിജന്‍സ് പൊലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്നാണ് ചന്ദ്രിക പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഹര്‍ത്താല്‍ എതിര്‍വിഭാഗം ഏറ്റെടുക്കുമെന്ന കണക്കുകൂട്ടലിലാണ് സംഘപരിവാറിന്റെ സൈബര്‍ വിഭാഗം ഇത്തരമൊരു പ്രചരണം സോഷ്യല്‍ മീഡിയവഴി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലബാറില്‍ സംഘര്‍ഷവും വര്‍ഗീയ വികാരവും ആളിക്കത്തിക്കുകയായിരുന്നു സംഘപരിവാര്‍ ലക്ഷ്യം. പുരോഗമന ആശയത്തിന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് സംഘപരിവാര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കിയതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായി ചന്ദ്രിക പറയുന്നു.


Also Read:  ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ഒരുമിക്കുന്നു; കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് നീക്കം


മലബാറിനെയാണ് ഹര്‍ത്താല്‍ ഏറെ ബാധിച്ചത്. ന്യൂനപക്ഷങ്ങള്‍ ഏറെ അധിവസിക്കുന്ന മലബാറില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി സംഘര്‍ഷത്തിലെത്തിക്കാനുള്ള ശ്രമമായിരുന്നു സംഘപരിവാറിന്റേത്. ഹര്‍ത്താലിന് പിന്നില്‍ മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്ന് ആരോപിച്ച് കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശും ഇത്തരമൊരു അഭിപ്രായപ്രകടനവുമായി മുന്നോട്ടുവന്നിരുന്നു. കോഴിക്കോട് ഹൈന്ദവ പ്രതിഷേധ കൂട്ടായ്മയുടെ പേരില്‍ സംഘപരിവാര്‍ പ്രകടനവും നടത്തിയിരുന്നു.

 

ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ നടന്ന അക്രമസംഭവങ്ങള്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയകള്‍ വഴി വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു. മലപ്പുറത്ത് മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും തിരൂരില്‍ ഭജനമഠം ആക്രമിച്ചതും സംഘപരിവാറിന്റെ സൈബര്‍ മീഡിയ വിംഗുകള്‍ ആഘോഷിച്ചിരുന്നു. ഇത് തന്നെയാണ് ഹര്‍ത്താലിലൂടെ അവര്‍ ലക്ഷ്യമിട്ടതെന്നും പൊലീസ് കരുതുന്നതായി ചന്ദ്രിക റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി തിങ്കളാഴ്ച ജനകീയ ഹര്‍ത്താല്‍ എന്നതരത്തില്‍ പ്രചരണം നടത്തുകയും പിന്നീട് ഒരുകൂട്ടര്‍ ഇത് ഏറ്റെടുത്ത് വാഹനങ്ങള്‍ തടയുന്നതിലും കടകള്‍ അടപ്പിക്കുന്നതിലും എത്തുകയായിരുന്നു. മലബാര്‍ മേഖലയില്‍ പലയിടങ്ങളിലും ഇത് സംഘര്‍ഷത്തിനു വഴിവെച്ചിരുന്നു.

അക്രമങ്ങളില്‍ മുപ്പതോളം പൊലീസുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നായി 250 ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

WATCH THIS VIDEO: