ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചു
Harthal
ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2018, 7:36 am

തിരുവനന്തപുരം: ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചു. തിരുവനന്തപുരത്ത് നിന്നടക്കം പുറപ്പെടേണ്ട കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പൊലീസ് സംരക്ഷണം ലഭിക്കുകയാണെങ്കില്‍ സര്‍വീസ് നടത്താമെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍.ജെ തച്ചങ്കരി നല്‍കിയിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായിരുന്നു. എന്നാലിത് ഹര്‍ത്താലുമായി ബന്ധപ്പെട്ടാണോയെന്ന് വ്യക്തമല്ല.

ശശികലയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.