| Monday, 15th October 2012, 8:57 am

വിളപ്പില്‍ശാലയില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിളപ്പില്‍ ശാലയില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ തുടങ്ങി. എല്ലാ വഴികളും അടച്ചുള്ള ഹര്‍ത്താലാണ് ഇന്ന് രാവിലെ മുതല്‍ തുടങ്ങിയത്.

മലിനജല ശുദ്ധീകരണ പ്ലാന്റിനായുള്ള യന്ത്രസാമഗ്രികള്‍ രഹസ്യമായി ചവര്‍ഫാക്ടറിയിലെത്തിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.[]

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടാണ് ഹര്‍ത്താല്‍. തിരുവനന്തപുരം കാട്ടാക്കട റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്നും സമരസമിതി അറിയിച്ചു.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ കുമാരി നടത്തുന്ന മരണം വരെയുള്ള നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

പ്രശ്‌നപരിഹാരത്തിന് നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തെ സംബന്ധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും ശോഭനകുമാരി പറഞ്ഞു.

രണ്ട് മാസം മുന്‍പ് പരസ്യമായി കൊണ്ടുവന്നപ്പോള്‍ ശക്തമായ പ്രതിരോധമുയര്‍ത്തി നാട്ടുകാര്‍ തടഞ്ഞിട്ട മലിനജല സംസ്‌കരണ യന്ത്രോപകരണങ്ങള്‍ അര്‍ധരാത്രിയില്‍ വന്‍ പൊലീസ് സന്നാഹത്തോടെ രഹസ്യമായി വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണശാലയില്‍ എത്തിച്ചതാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം.

We use cookies to give you the best possible experience. Learn more