മുക്കം: ഗെയില്‍ പൈപ്പ് ലൈനിനെതിരായ ജനകീയ പ്രക്ഷോഭത്തിന് നേരെ പൊലീസിന്റെ ലാത്തി ചാര്‍ജ്. പ്രക്ഷോഭത്തെ തുടര്‍ന്ന് നാളെ കീഴുപറമ്പ്, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ സമരക്കാര്‍ക്കെതിരെ പൊലീസ വീണ്ടും ലാത്തി വീശി.
എരഞ്ഞിമാവില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60 ഓളം പേരെ പൊലീസ് നേരത്തെ അറ്സ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് ഉപരോധിച്ചവര്‍ക്കു നേരെയാണ് പൊലീസ് ലാത്തി വീശിയത്.
അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ മുക്കം പൊലീസ് സ്റ്റേഷന് ഉപരോധിച്ചത്. സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.
പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസ് ലാത്തിചാര്‍ജില്‍ പരുക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ പൊലീസുമായി സംസാരിക്കാനായി സ്റ്റേഷനിലെത്തിയ മുന്‍ എം.എല്‍.എ എ.സി മോയിന്‍കുട്ടിയെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് സമരക്കാര്‍ കോഴിക്കോട്-മുക്കം ദേശീയപാത ഉപരോധിച്ചു.
ഇന്നു രാവിലെയും സമരക്കര്ക്കു നേരെ പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചു വിട്ടിരുന്നു. എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി തവണ ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു. ടിയര്‍ ഗ്യാസും പൊലീസ് പ്രയോഗിച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സമരക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസുമായി സംസാരിക്കുന്നതിന് സ്റ്റേഷനിലേക്ക് കയറാനിരുന്ന മുന്‍ എം.എല്‍.എ എ.സി. മോയിന്‍കുട്ടിയെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സമരത്തിനെതിരായ പൊലീസ് നടപടിയെ തുടര്‍ന്ന് സമരക്കാര്‍ കോഴിക്കോട് -മുക്കം ദേശീയപാത ഉപരോധിക്കുകയാണ്.
എം.ഐ ഷാനവാസ് എം.പിയും സ്റ്റേഷന് കോംമ്പൗണ്ടിനകത്താണെങ്കില് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്റ്റേഷനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.
ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനെച്ചൊല്ലിയാണ് സമരസമിതി രംഗത്ത് വന്നത്. ഇവിടെ റീ സര്‍വേ നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.