ശബരിമലയില്‍ വനിതകള്‍ പ്രവേശിച്ചതില്‍ ജനങ്ങള്‍ക്കും ഭക്തര്‍ക്കും പ്രതിഷേധമില്ല, ഇന്നത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; മുഖ്യമന്ത്രി
Kerala News
ശബരിമലയില്‍ വനിതകള്‍ പ്രവേശിച്ചതില്‍ ജനങ്ങള്‍ക്കും ഭക്തര്‍ക്കും പ്രതിഷേധമില്ല, ഇന്നത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 12:08 pm

തിരുവനന്തപുരം: ബിന്ദുവും കനകദുര്‍ഗയും ശബരിമല സന്നിധിയില്‍ എത്തിയത് ജനങ്ങളും ഭക്തരും അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ ഭക്തര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സ്വാഭാവിക പ്രതിഷേധം ഒന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇന്നത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

“സുപ്രീം കോടതിയാണ് വിധിയിലൂടെ ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള വിധി പ്രഖ്യാപിക്കുന്നത്. വിധിയുടെ ഭാഗമായി ശബരിമലയില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക സര്‍ക്കാരിന്‍രെ ഉത്തരവാദിത്തമാണ്, ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്”- മുഖ്യമന്ത്രി പറഞ്ഞു.

Also Read കോഴിക്കോട് നഗരത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സംഘപരിവാര്‍; മുഖം മറച്ച് കല്ലും വടിയും പട്ടികയുമായി വ്യാപക ആക്രമണം

എന്നാല്‍ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് സഘപരിവാര്‍ തുടക്കം മുതല്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. “സുപ്രീം കോടിതയ വിധി എങ്ങനെ അട്ടിമറിക്കാന്‍ കഴിയും എന്നാണ് സംഘപരിവാര്‍ തുടക്കം മുതല്‍ ആലോചിച്ചത്. ഇത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് ശബരിമലയെ സംരക്ഷിക്കാനായിരുന്നു പൊലീസിന്റെ ഇടപെടലും മറ്റും. ശബരിമല ദര്‍ശനം നടത്തിയ രണ്ടു യുവതികളും മുമ്പ് ദര്‍ശനത്തിന് ശ്രമിച്ച് പലകാരണങ്ങളാല്‍ ശ്രമിക്കാതെ താത്കാലികമായി മടങ്ങിപ്പോയിരുന്നു. പിന്നീട് പൊലീസ് സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവരെ ശബരിമലയില്‍ എത്തിക്കുകയുമായിരുന്നു”

“അവര് ഹെലികോപ്റ്ററില്‍ ശബരിമലയില്‍ പോവുകയല്ല ചെയ്തത്. സാധാരണ ഭക്തര്‍ പോയതു പോലെയാണ് അവരും പോയത്. അവര്‍ക്ക് പ്രത്യേക പരിഗണനകളൊന്നും ഇല്ലായിരുന്നു, മറ്റ് ഭക്തരോടൊപ്പം അയ്യപ്പ ദര്‍ശനം നടത്തുകയായിരുന്നു”- മുഖ്യമന്ത്രി പറഞ്ഞു.

Also Read തന്ത്രിക്കെതിരായ കോടതി അലക്ഷ്യ കേസ് ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കേടതി; എല്ലാ ഹരജികളും 22ന് പരിഗണിക്കും

ദര്‍ശനത്തിനെത്തിയ വനിതകളെ സഹായിച്ചത് മറ്റുള്ള ഭക്തര്‍ തന്നെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “ഇവര്‍ക്ക് ദര്‍ശനത്തിനാവശ്യമായ സഹായം ഭക്തര്‍ തന്നെയാണ് നല്‍കിയത്. എന്നു പറഞ്ഞാല്‍ ഒരു പ്രതിഷേധവും ഒരെതിര്‍പ്പും ഭക്തരില്‍ നിന്നുണ്ടായിരുന്നില്ല. ഇത് ദര്‍ശനം നടത്തിയ വനിതകള്‍ തന്നെ വ്യക്തമാക്കിയതാണ്”. അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭക്തരും ജനങ്ങളും പ്രതിഷേധം ഉയര്‍ത്താതിരുന്ന സാഹചര്യത്തിലും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഒരു സംഘര്‍ഷവും ഇതിന്റെ ഭാഗമായി അവിടെ ഉണ്ടായിരുന്നില്ല. പിന്നീടാണ് വനിതകള്‍ ശബരിമലയില്‍ പ്രവേശിച്ച കാര്യം പുറത്തറിയുന്നത്. മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും പ്രത്യേക സംഘര്‍ഷങ്ങളൊന്നും ഉണ്ടായില്ല. ഇത് വ്യക്തമാക്കുന്നത് വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കും ഭക്തര്‍ക്കും യാതൊരു എതിര്‍പ്പുമില്ലായിരുന്നു എന്നാണ്. എന്നാല്‍ ഇതില്‍ നിന്നും പ്രത്യേക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ ആസൂത്രിതമായ നീക്കം നടത്തിയതാണ്. സ്വാഭാവിക പ്രതിഷേധം എവിടെ നിന്നും ഉയര്‍ന്നു വന്നില്ല. ആസൂത്രിതമായ ആക്രമണമാണ് പിന്നീട് ഉയര്‍ന്നു വന്നത്”- മുഖ്യമന്ത്രി പറഞ്ഞു.

Also Read സംഘപരിവാറിനെ പേടിയില്ല, ബി.ജെ.പിയുടെ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനിയും പോവും: തിരുവനന്തപുരത്ത് ബി.ജെ.പിക്കാര്‍ അക്രമിച്ച ക്യാമറ പെഴ്‌സണ്‍ പ്രതികരിക്കുന്നു

ഹര്‍ത്താലിനെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റ സമീപനമേ സര്‍ക്കാരിന് ഉള്ളൂ, ശക്തമായി നേരിടും, ഒരു തരം അക്രമവും വെച്ചു പൊറുപ്പിക്കാനാവില്ല. ശബരിമല വിഷയത്തില്‍ 3 മാസത്തിനിടയില്‍ സംഘപരിവാര്‍ നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലും. ഇതു വരെ നടത്തിയ ഹര്‍ത്താലിന്റെ കാരണങ്ങളും വ്യാജപ്രചരണങ്ങളും അക്കമിട്ടു നിരത്തി മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധങ്ങളില്‍ ഏറ്റവും അവസാനം പ്രയോഗിക്കുന്ന സമരമുറയാണ് ഹര്‍ത്താലെന്നും കള്ള പ്രചരണങ്ങളുമായി ബി.ജെ.പി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇന്നത്തെ ഹര്‍ത്താല്‍ സു്ര്രപീം കോടതി വിധിയെ വെല്ലുവിളിക്കുന്ന സമീപനമായി മാത്രമേ കാണുവാന്‍ കഴിയു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതു വരെ നടന്ന ഹര്‍ത്താലുകളില്‍ ഉണ്ടായ നാശനഷ്ടങ്ങളും മുഖ്യമന്ത്രി അക്കമിട്ടുനിരത്തി. “ഏഴു പൊലീസ് വാഹനങ്ങളും, 79 ബസ്സുകളും ഇന്നലത്തെ കണക്കനുസരിച്ച് തകര്‍ത്തു. 39 പൊലീസുകാര്‍ക്ക് പരിക്കോറ്റു, അക്രമിക്കപ്പെട്ടവര്‍ ഭൂരിപക്ഷവും വനിതകളാണ്, മാധ്യമപ്രവര്‍ത്തകരിലും ആക്രമിക്കപ്പെട്ടവര്‍ ഭൂരി ഭാഗവും സ്ത്രീകളാണ്. സി.പി.ഐ.എമിന്റേയും സി.പി.ഐയുടേയും ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങളുണ്ടായിട്ടുണ്ട്”- മുഖ്യമന്ത്രി പറഞ്ഞു.