| Thursday, 31st January 2019, 1:15 pm

സ്റ്റേഷനില്‍ ചെന്നാല്‍ പ്രതിയാകുമെന്ന് ഭയം; എടപ്പാളില്‍ ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയവരുടെ ബൈക്കുകള്‍ സ്റ്റേഷനില്‍ തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ശബരിമല യുവതീപ്രവേശനത്തിനെതിരെ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം എടപ്പാള്‍ ടൗണില്‍ നിന്നും പിടികൂടിയ ബൈക്കുകള്‍ തിരിച്ചെടുക്കാന്‍ ആളെത്താത്തതിനാല്‍ ഒരുമാസമായി സ്റ്റേഷനില്‍ കിടക്കുന്നു. ബൈക്ക് അന്വേഷിച്ചെത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന സംശയത്തിലാണ് ആരും ഏറ്റെടുക്കാന്‍ എത്താത്തതെന്നാണ് പൊലീസ് പറയുന്നത്.

ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ചിരുന്ന 35 ബൈക്കുകളാണ് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. പലരും ഒളിവില്‍ത്തന്നെയാണ്. കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ ആര്‍.സി ഉടമകളെ കണ്ടെത്തി കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Read Also : രാംഗഡ്‌ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസിന് ഉജ്ജ്വല ജയം

മലപ്പുറം എടപ്പാളില്‍ ഹര്‍ത്താല്‍ ദിവസം ബൈക്കുകളിലെത്തിയ ഹര്‍ത്താല്‍ അനുകൂലികളായ ബി.ജെ.പി-കര്‍മ്മസമിതി പ്രവര്‍ത്തകരെ നാട്ടുകാര്‍ ചേര്‍ന്ന് വിരട്ടിയോടിച്ചതിന്റെ നേരത്തെ വീഡിയോ വൈറലായിരുന്നു. പെട്രോള്‍ പമ്പിന് സമീപത്ത് സംഘടിച്ച് നിന്ന ഒരു പറ്റം നാട്ടുകാരാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പാഞ്ഞടുത്തത്. ജനക്കൂട്ടത്തെ കണ്ട ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കുപേക്ഷിച്ചു നാലുപാടും ചിതറിയോടുകയായിരുന്നു.

അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്കുകളില്‍ ചിലത് ഹര്‍ത്താല്‍ ദിവസം ടൗണിലെത്തിയവരുടേതാണ്. ഒരു മാസമായി സ്റ്റേഷനില്‍ വിശ്രമിക്കുന്ന ബൈക്കുകള്‍ ഇവര്‍ക്കും എടുക്കാനായിട്ടില്ല. ബൈക്ക് അന്വേഷിച്ച് സ്റ്റേഷനിലെത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന ഭയത്താലാണ് പലരും അന്വേഷിച്ചു പോകാത്തത്. വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ സ്റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ പിടികൂടിയാലേ വാഹനം വിട്ടുനല്‍കൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

We use cookies to give you the best possible experience. Learn more