| Monday, 10th September 2018, 7:23 am

ഇന്ധനവില വീണ്ടും കൂടി; സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

പ്രളയമുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖല, ആശുപത്രികള്‍, പത്രം, പാല്‍ തുടങ്ങിയ അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെ കോണ്‍ഗ്രസ് അഖിലേന്ത്യ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സ്വകാര്യ ബസുകള്‍ ഓടില്ല. പോലീസ് സംരക്ഷണമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തും. വൈകീട്ട് ആറിനുശേഷം ബസുകളോടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: പ്രളയജലം തടയാന്‍ ഇനിയും അണക്കെട്ടുകള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട്


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മലപ്പുറത്ത് ഹര്‍ത്താല്‍ ഭാഗികമായി തുടരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. അല്പ സമയത്തിനുള്ളില്‍ നഗരത്തിലെ കടകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് കടയുടമകള്‍ പറയുന്നു.

തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. അതേസമയം തിരുവനന്തപുരത്ത് ഇന്ധനവില 84 കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more