കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും എല്‍.ഡി.എഫും സംയുക്തമായി നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്തെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച നിലയില്‍ തന്നെയാണെന്നാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ടിടങ്ങളില്‍ ബസുകള്‍ക്ക് നേരേ ആക്രമണം ഉണ്ടായി. മലപ്പുറം പടിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസിനുനേരേയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂന്നാറില്‍ നിന്ന് ബംഗളുരുവിലേക്ക് തിരിച്ച ബസിനു നേരേയാണ് ആക്രമണം ഉണ്ടായത്.
ALSO READ; തൃശ്ശൂരിന് പിന്നാലെ തിരുവനന്തപുരത്ത് സൂര്യാഘാതം; ഒരാള്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍
അതേസമയം തിരുവനന്തപുരം പാറശ്ശാലയില്‍ തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിന് നേരേയും ആക്രമണം ഉണ്ടായി. ഒരു കൂട്ടം പേര്‍ ബസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലങ്കോട് നിന്ന് മാര്‍ത്താണ്ഡത്തേക്ക് സര്‍വ്വീസ് നടത്തിയ ബസിനു നേരേയാണ് ആക്രമണം ഉണ്ടായത്.
അതേസമയം ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന അവസരത്തിലും വില കുതിച്ചുയരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.