ഡാമുകളുടെ ഉടമസ്ഥാവകാശം: ചിറ്റൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍
Daily News
ഡാമുകളുടെ ഉടമസ്ഥാവകാശം: ചിറ്റൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th June 2014, 8:47 am

[] ചിറ്റൂര്‍: മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ കേരളത്തിലെ നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് കൈവശപ്പെടുത്തിയെന്നാരോപിച്ച് ചിറ്റൂര്‍ താലൂക്കില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

നെല്ലിയാമ്പതി പഞ്ചായത്തിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്. ബി.ജെ.പിയും ചിറ്റൂര്‍ താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. 12 മണിക്കൂര്‍ ഹര്‍ത്താലിനാണ് ബി.ജെ.പി ആഹ്വാനം ചെയ്്തിരിക്കുന്നത്.

കിസാന്‍സഭ, യുവജനതാദള്‍, ദേശീയ കര്‍ഷക സമാജം, കേരള കര്‍ഷക മുന്നണി എന്നിവ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരിവാരിപ്പള്ളം എന്നീ ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് സ്വന്തമായെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നിയമസഭയില്‍ ജമീല പ്രകാശമാണ് ഇത് സംബന്ധിച്ച രേഖകള്‍ കാണിച്ച് പ്രശ്‌നം ശ്രദ്ധയിലല്‍ കൊണ്ടുവന്നത്.

എന്നാല്‍ നാല് ഡാമുകളും കേരളത്തിന്റേത് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടികാട്ടി. ഡാം സുരക്ഷ അതോറിറ്റിയുടെ അടുത്ത യോഗത്തില്‍ കേരളം പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലുണ്ടായ പ്രതിപക്ഷബഹളെത്തെ തുടര്‍ന്ന് പ്രശ്‌നം നിയമസഭാ വിഷയ നിര്‍ണയ സമിതി അന്വേഷിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ജമീല പ്രകാശത്തെ സമിതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.