കണ്ണൂര്‍: സി.പി.ഐ.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച സി.പി.ഐ.എം ഹര്‍ത്താല്‍.
മാഹി പള്ളൂരിലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിം അംഗവും മാഹി മുന്‍ കൗണ്‍സിലറായിരുന്ന കണ്ണിപ്പോയില്‍ ബാബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും ആവശ്യ സേവനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു. മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിനെ ഒരു സംഘം വെട്ടിയത്. രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ആക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചു.
ഒരു വര്‍ഷം മുന്‍പ് ബാബുവിനെ ആര്‍ എസ് എസുകാര്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കൂത്തുപറമ്പില്‍ ആര്‍ എസ് എസിന്റെ ആയുധപരിശീന ക്യാമ്പ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായിട്ടുള്ള ഈ കൊലപാതകം നടന്നത്.ഇത് ആര്‍ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ്.കൊലപാതക ഗൂഡാലോചനയെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.