ന്യൂദല്‍ഹി: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ സംഘര്‍ഷം. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവും ആരോഗ്യ മന്ത്രിയുമായിരുന്ന ഹര്‍ഷ് വര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
രണ്ട് തവണ കേന്ദ്ര മന്ത്രിയായ നേതാവാണ് ഹര്‍ഷ് വര്‍ധന്‍. എന്നാല്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹത്തിന് ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. താന്‍ രാഷ്ട്രീയം വിടുകയാണെന്ന് സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഹര്‍ഷ് വര്‍ധന്‍ അറിയിച്ചത്. ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടില്ലെന്നും ഒരുപാട് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
ഹര്‍ഷ് വര്‍ധന് പുറമെ ഗുജറാത്തിലെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലും ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കില്ലന്ന് പ്രഖ്യാപിക്കുകയുണ്ടായി. മെഹ്‌സാന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് നിതിന്റെ പ്രഖ്യാപനം.
സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ബംഗാളിലെ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി പിന്മാറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളിലെ അസന്‍സോളില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പവന്‍ സിങ്ങാണ് മത്സരിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഭോജ്പുരി ഗായകനായ പവന്‍സിങ് നേരത്തെ ഗാനങ്ങളും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. ഇതെല്ലാം വിമർശനത്തിന്റെ ആക്കം കൂട്ടിയതായാണ് വിലയിരുത്തല്‍.
ഉത്തര്‍പ്രദേശിലെ ഖേരി മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്ക് വീണ്ടും സീറ്റ് നല്‍കിയതിനെതിരെ രണ്ടാം ഘട്ട സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുടെ പേരുകളുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
ശനിയാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. രാജ്യത്താകെ 195 സ്ഥാനാര്‍ത്ഥികളടങ്ങുന്ന പട്ടികയാണ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്.
Content Highlight: Harsseniorh Vardhan, a leader, resigned from the BJP after being denied a seat