| Friday, 4th December 2020, 8:42 am

'മന്‍മോഹന്‍ സിംഗിനോട് പറഞ്ഞതോര്‍മ്മയില്ലേ, അത് ചെയ്ത് കാണിക്കാനുള്ള അവസരമാണിത്'; മോദിയോട് ഹര്‍സിമ്രത് കൗര്‍ ബാദല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താങ്ങുവില ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിയമമാക്കിയാല്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും തീരുമെന്ന് രാജിവെച്ച കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍.

ഈഗോയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കുകയും പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടുകയും വേണമെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പട്ടു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്നും അതുകൊണ്ട് അവര്‍ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നത് ഉറപ്പാണെന്നും അവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

”നേരത്തെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നത് താങ്ങുവില കര്‍ഷര്‍ക്ക് നിയമം വഴിയുള്ള അവകാശമാക്കണമെന്നായിരുന്നു. അന്ന് ഈ വിഷയം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള വര്‍ക്കിങ്ങ് കമ്മിറ്റിക്ക് അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി. സ്വന്തം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമാണ് മോദിക്ക് കൈവന്നിരിക്കുന്നത്. അതേ നിര്‍ദേശത്തിന് വേണ്ടിയാണ് ഇപ്പോള്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതും. താങ്ങുവില നിയമപരമായ അവകാശമാക്കുകയാണെങ്കില്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും ശമിക്കുകയും ചെയ്യും,”

ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത് തികച്ചും തെറ്റായ രീതിയിലാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ താങ്ങുവില വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും വ്യാഴാഴ്ച നടന്ന ചര്‍ച്ചയ്ക്ക് മുമ്പേ തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒമ്പത് ദിവസമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹി-ഹരിയാന ബോര്‍ഡറില്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണപരാജയമായിരുന്നു. തുടര്‍ ചര്‍ച്ച ഡിസംബര്‍ അഞ്ചിന് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇന്ന് ആവശ്യപ്പെടുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

തങ്ങളുടെ ഭാഗത്തു നിന്നുള്ള ചര്‍ച്ച അവസാനിച്ചിരിക്കുകയാണെന്നും ഇന്ന് തങ്ങള്‍ക്ക് ഒരുത്തരം തന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ പ്രതിഭ ഷിന്‍ഡേ അറിയിച്ചു.

മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. എന്നാല്‍ ഭേദഗതിയല്ല വേണ്ടത് നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.

ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്. സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തിയതെന്നാണ് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍അവകാശപ്പെട്ടത്. അതേസമയം, ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Back Off From Rigid Stand, Listen To Farmers”: Harsimrat Kaur To Centre

We use cookies to give you the best possible experience. Learn more