അമൃത്സര്‍: കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതിന് പിന്നാലെ വിമര്‍ശനവുമായി ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍. പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുന്നതിനോടൊപ്പം കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ കൂടി പിന്‍വലിക്കുകയും കര്‍ഷകരുമായി കൂടിയാലോചിക്കണമെന്നും അവര്‍ പറഞ്ഞു.
‘പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ല് പാകിയ കേന്ദ്രം ഇതേ ദിവസം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും തയ്യാറാകണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിരസിക്കുന്നതിന് പകരം അവരുമായി കൂടിയാലോചിച്ച് നിയമങ്ങള്‍ പുനക്രമീകരിക്കുന്നതിന് ശ്രമിക്കണം. നമുക്ക് ആദ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്താം.എന്നിട്ടാവാം കെട്ടിടമുണ്ടാക്കല്‍,’ ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് ഭൂമി പൂജ നടത്തി പാര്‍ലമെന്റ് കെട്ടിടത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്.
64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.
പ്രതിപക്ഷ കക്ഷികളുടെയും ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.
കര്‍ണാടകയിലെ ശൃംഖേരി മഠത്തില്‍ നിന്നുള്ള പുരോഹിതര്‍ സംസ്‌കൃത ശ്ലോകം ഉരുവിടുന്നതിനിടയില്‍ സമീപത്ത് ഒരുക്കിയ മണ്ഡപത്തില്‍ ആചാര പ്രകാരമാണ് മോദി ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.
പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികള്‍ക്കും തടസമില്ലെന്ന കോടതി വിധിയുടെ പഴുത് ഉപയോഗിച്ചാണ് നിലവില്‍ ഭൂമിപൂജ നടത്തിയത്.
ഇരുന്നൂറോളം പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്, വിദേശ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവില്‍ രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക എന്നത്.
ത്രികോണ ആകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിയ്ക്കും, വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, തുടങ്ങി പത്തോളം കെട്ടിട നിര്‍മ്മാണ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
തന്റെ സ്വകാര്യ താത്പര്യത്തിനല്ല കോടികള്‍ ഇത്തരമൊരു പദ്ധതിയെന്നാണ് മോദി പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പുതിയ ഒരു നാഴിക കല്ലായ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ശ്രമം എന്നാണ് പ്രധാമന്ത്രിയുടെ അവകാശവാദം.
രത്തന്‍ ടാറ്റയ്ക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാറ് മോദി സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലുള്ള മോദിയുടെ ധൂര്‍ത്തിനെതിരെ വലിയ വിവാദമാണ് രാജ്യത്ത് നടക്കുന്നത്.
രാജ്യത്തെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ രണ്ടാഴ്ചയിലധികമായി സമരത്തിലാണ്. ഇതുവരെ വിഷയത്തില്‍ പരിഹാരം കാണാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക