കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അകാലിദള്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ്.
കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയിലും പാസാക്കുമെന്ന് ബി.ജെ.പി ഉറപ്പിച്ചു പറയുകയും ചെയ്തിട്ടുണ്ട്. അകാലിദളിന്റെയും ബി.ജെ.പിയുടേയും നിലപാട് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് തെരഞ്ഞെടുപ്പിന് ഏറെ ദൂരം ബാക്കിയില്ലെന്നിരിക്കെ അകാലിദള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്‍.ഡി.എയില്‍ അകാലിദള്‍ തുടര്‍ന്നുപോകുമോ എന്ന വലിയ ചോദ്യത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
വിശുദ്ധ ഗ്രന്ഥം കത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തെ തുടര്‍ന്ന് അകാലിദളിനോട് ജനങ്ങള്‍ക്ക് പൊതുവേ വലിയൊരു എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുക്കാന്‍ അകാലിദളിന് ഉപകാരപ്പെട്ടേക്കാമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടുന്നത്.
തെരഞ്ഞെടുപ്പിന് ലഭിക്കുന്ന ഒരു വര്‍ഷത്തെ കാലയളവ് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായാല്‍ പഞ്ചാബില്‍ നഷ്ടപ്പെട്ടുപോയ അധികാരം തിരിച്ചുപിടിക്കാമെന്ന വിശ്വാസവും അകാലിദളിനുണ്ട്. സഖ്യത്തില്‍ നിന്ന് പുറത്തുപോയാലും അകാലിദളിനെ അത് കാര്യമായി ബാധിക്കുകയും ചെയ്യില്ല.
എന്‍.ഡി.എ യില്‍ തുടരണോ വേണ്ടയോ എന്ന കാര്യം പരിശോധിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ആദ്യം തൊട്ടുതന്നെ ഹര്‍സിമ്രതിന് വിയോജിപ്പുണ്ടായിരുന്നെന്നും കര്‍ഷകരോട് കൂടിയാലോചന നടത്താതെയായിരുന്നു കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എയുമായുള്ള സഖ്യം അകാലിദള്‍ തുടരുമോയെന്ന ചോദ്യത്തിന് തങ്ങള്‍ എന്‍.ഡി.എയുടെ സ്ഥാപക അംഗങ്ങളാണെന്നും എന്നാല്‍ സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നാണ് ബാദല്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഹര്‍സിമ്രതിന്റെ രാജി പുനഃപരിശോധിക്കില്ലെന്ന പാര്‍ട്ടിയുടെ തീരുമാനം കൂടുതല്‍ കടുത്ത നടപടിയിലേക്കാണ് അകാലിദള്‍ പോകുന്നത് എന്നതിന്റെ സൂചനകളാണ് നല്‍കുന്നതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തത്.
എന്നാല്‍ എന്‍.ഡി.എയില്‍ നിന്ന് വിട്ടുപോകുന്നതകിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ നിലവില്‍ അകാലിദള്‍ നല്‍കിയിട്ടില്ല.
അകാലിദള്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോയാല്‍ ബി.ജെ.പിക്കത് ചെറുതല്ലാത്ത തിരിച്ചടി തന്നെയാകും നല്‍കാന്‍ പോകുന്നത്. ശിവസേനയും അകാലിദളും എന്‍.ഡി.എയുടെ അവിഭാജ്യഘടകമാണ്.
സഖ്യത്തിന്റെ തുടക്കം മുതലേ തന്നെ എന്‍.ഡി.എയുടെ നെടുംതൂണാണ് ഇരുപാര്‍ട്ടികളും. ശിവസേന നേരത്തെ തന്നെ സഖ്യത്തില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. ഇനി അകാലദള്‍ കൂടി പോവുകയാണെങ്കില്‍ അത് സഖ്യത്തെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.
അതേസമയം ബീഹാറില്‍ എല്‍.ജെ.പിയുടെ ചിരാഗ് പസ്വാനും നിതീഷ് കുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്‍.ഡി.എയില്‍ നിന്നും എല്‍.ജെ.പി വിട്ടുപോകുമോ എന്ന ആശങ്കയും നിലവില്‍ സഖ്യത്തിനകത്തുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Harsimrat Kaur Badal resignation on farm sector reform bills and Shiromani Akali Dal new move against bjp