കൊല്ലം: ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരിക്കും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയെന്ന് ദക്ഷിണ മേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി. സാക്ഷര കേരളം എന്നു പറയുമെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനം വാങ്ങുന്നത് കേരളത്തിലാണെന്നും ഹര്‍ഷിത പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഐ.ജിയുടെ പ്രതികരണം.
ദിവസവും ഇത്തരം കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും, ഇത്തരം പീഡനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്നാമൊതാരാള്‍ക്കും പൊലീസില്‍ പരാതിപ്പെടാമെന്നും ഹര്‍ഷിത കൂട്ടിച്ചേര്‍ത്തു.
‘ദിവസവും ഇതുപോലെയുള്ള കേസുകള്‍ ഉണ്ടാകുന്നുണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ സോണില്‍ തന്നെ എല്ലാ ദിവസവും ഒരു കേസ് എങ്കിലും ഉണ്ടാകുന്നുണ്ട്.
നാലോ അഞ്ചോദിവസം നമ്മള്‍ ഇത് ചര്‍ച്ച ചെയ്യും. പക്ഷെ നമ്മുടെ പെങ്ങളുടെ കാര്യംവന്നാല്‍, നമ്മുടെ മകളുടെ കാര്യം വന്നാല്‍ നമ്മള്‍ സ്ത്രീധനം കൊടുക്കുകയും ചെയ്യും. സ്ത്രീധനം എന്നത് വളരെ സാധാരണമായ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
കേരളം ഏറ്റവും വിദ്യാഭ്യാസമുള്ളവരുടെ സമൂഹമാണെന്നൊക്കെ നമ്മള്‍ പറയുന്നുണ്ട്. നമ്മുടെ അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെ അറിയാം. എന്നാലും നമ്മുടെ കുട്ടികളുടെ കാര്യം വന്നാല്‍ ഇതിനെക്കുറിച്ചൊന്നും ബോധവാന്മാരാകില്ല. സ്ത്രീധനം കൊടുക്കും. ഇന്ത്യയില്‍ ഇത്രയധികം സ്ത്രീധനം കൊടുക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഇതൊരു സാധാരണ ആവശ്യമായി മാറിയിരിക്കുന്നു.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? നമ്മുടെ സമൂഹം എന്നുമാറും? ഞാന്‍ സ്ത്രീധനം വാങ്ങില്ല, ഞാന്‍ സ്ത്രീധനം നല്‍കില്ല എന്നൊക്കെ തീരുമാനമെടുക്കുന്നതിലേക്ക് നമ്മള്‍ എപ്പോഴാണ് എത്തുക?,’ ഹര്‍ഷിത ചോദിച്ചു.
കൂട്ടുകാര്‍ക്കോ,മകള്‍ക്കോ മറ്റുള്ളവര്‍ക്കോ ഇത്തരമൊരു പീഡനം ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാമെന്നും പൊലീസ് കേസെടുത്ത് അന്വേഷിക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയെന്നും ഐ.ജി. കൂട്ടിച്ചേര്‍ത്തു. ഹര്‍ഷിത ഇന്ന് കൊല്ലത്തെത്തി വിസ്മയയുടെ ബന്ധുക്കളെ കാണും. വിസ്മയയുടെ ഭര്‍തൃഗൃഹത്തിലും ഐ.ജിയെത്തും.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനു പുറമേ മറ്റു ബന്ധുക്കളെയും കേസില്‍ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമാകും.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Harshitha Attalluri about Dowry system and Death of Vismaya