|

കൊല്‍ക്കത്തയുടെ വിജയരഹസ്യം അതാണ്; വെളിപ്പെടുത്തലുമായി ഹര്‍ഷിത് റാണ

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ ലഖ്‌ലൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ 98 റണ്‍സിന്‍രെ തകര്‍പ്പന്‍ വിജയമാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗ 137 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ 39 പന്തില്‍ നിന്ന് ഏഴ് സിക്‌സും ആറ് ഫോറും അടക്കം 81 റണ്‍സ് നേടി ടീമിനെ വമ്പന്‍ സ്‌കോറില്‍ എത്തിക്കുകയായിരുന്നു. മാത്രമല്ല കൊല്‍ക്കത്ത ബൗളിങ് നിരയില്‍ ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

മത്സരത്തിന് ശേഷം ഹര്‍ഷിത് റാണയോട് ടീമിന്റെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം സംസാരിക്കുകയുണ്ടായിരുന്നു. ടീമിന്റെ വിജയത്തിന് പിന്നില്‍ മുന്‍ കൊല്‍ക്കത്ത താരവും നിലവിലെ കൊല്‍ക്കത്ത മെന്ററുമായ ഗൗതം ഗംഭീറാണെന്നാണ് റാണ പറഞ്ഞത്.

‘ഈ മത്സരം മാത്രമല്ല, ഈ സീസണ്‍ മുഴുവന്‍ ഞങ്ങള്‍ ഗൗതം ഗംഭീര്‍ കളിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ക്രിക്കറ്റ് ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗെയിമുകള്‍ എങ്ങനെ നമുക്ക് അനുകൂലമാക്കാം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ധാരാളം അറിവുണ്ട്, അത് ഞങ്ങളെ വളരെയധികം സഹായിക്കുന്നു,’ റാണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ 16 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ് കൊല്‍ക്കത്ത. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു കൊല്‍ക്കത്ത വിജയക്കുതിപ്പ് നടത്തിയത്. രാജസ്ഥാനും നിലവില്‍ 16 പോയിന്റാണ് ഉള്ളത്. എന്നാല്‍ ഇന്ന് ദല്‍ഹിയുമായുള്ള മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും സാധിക്കും.

Content Highlight: Harshit Rana Talking About Goutham Gambhir