ടി-20 ലോകകപ്പും സിംബാബ്‌വെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
അതില്‍ ഏകദിന സ്‌ക്വാഡില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി 2024 ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ ഹര്‍ഷിത് റാണയും ഇടം നേടിയിട്ടുണ്ട്. പരിമിതമായ അനുഭവസമ്പത്തുള്ള താരത്തിന്റെ ഇന്റര്‍നാഷണല്‍ അരങ്ങേറ്റത്തിനാണ് കളമൊരുങ്ങുന്നത്. ഇതോടനുബന്ധിച്ച് താരം പി.ടി.ഐയോട് സംസാരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനും കൊല്‍ക്കത്ത ടീമിന്റെ മെന്ററുമായിരുന്ന ഗംഭീറിന് താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
‘എന്റെ യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച മൂന്ന് വ്യക്തികളോട് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു. എന്റെ പിതാവ്, പരിശീലകന്‍ അമിത് ഭണ്ഡാരി സാര്‍, എല്ലാറ്റിനുമുപരിയായി ഗൗതി ഭയ്യയും,’ റാണ പി.ടി.ഐയോട് പറഞ്ഞു.
‘കെ.കെ.ആര്‍ ഡ്രസിങ് റൂമിലെ ഗൗതി ഭയ്യയുടെ ഉപദേശം കളിയെക്കുറിച്ചുള്ള എന്റെ ചിന്താഗതിയെയും കാഴ്ചപ്പാടിനെയും മാറ്റിമറിച്ചു. എലീറ്റ് തലത്തില്‍, കഴിവുകള്‍ അത്യാവശ്യമാണ്, എന്നാല്‍ സമ്മര്‍ദം കൈകാര്യം ചെയ്യാനുള്ള മാനസിക ധൈര്യം കൂടുതല്‍ നിര്‍ണായകമാണ്. ‘ഞാന്‍ നിന്നെ വിശ്വസിക്കുന്നു, നിനക്ക് മത്സരം ജയിക്കാനാകും’ എന്ന് പറഞ്ഞ് ഗൗതി ഭയ്യ എനിക്ക് നിരന്തരം ആത്മവിശ്വാസം നല്‍കുമായിരുന്നു,’റാണ കൂട്ടിച്ചേര്‍ത്തു.
റാണ ലിസ്റ്റ് എയില്‍ 14 മത്സരങ്ങളില്‍ നിന്ന് 5.54 എന്ന എക്കോണമി റേറ്റില്‍ 22 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് 4 വിക്കറ്റ് നേട്ടങ്ങളും ഉണ്ട്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 13 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളാണ് താരം നേടിയത്.
Content Highlight: Harshit Rana Talking About Gautham Gambhir