കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച ഹര്‍ഷിനയെയും പിന്തുണ നല്‍കിയവരെയും അറസ്റ്റ് ചെയ്തു. ഹര്‍ഷിനയെയും ഭര്‍ത്താവിനെയും അടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.എം.എ ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹര്‍ഷിനയെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചുപോയെന്നും ആരോഗ്യ വകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചു എന്നതാണ് താന്‍ ചെയ്ത തെറ്റെന്നും ഹര്‍ഷിന പ്രതികരിച്ചു. ആരോഗ്യ മന്ത്രി വന്ന് നേരിട്ട് തീരുമാനമാക്കാതെ താന്‍ വീട്ടിലേക്ക് പോകില്ലെന്നും അവര്‍ പറഞ്ഞു.
‘ഈ അഞ്ച് വര്‍ഷം ഞാന്‍ കത്രിക വയറ്റില്‍ കൊണ്ട് നടന്നു. മാക്‌സിമം വേദന സഹിച്ചു. ഇതുവരെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമരത്തിലേക്കും നമ്മള്‍ പോയിരുന്നില്ല. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചുപോയി. ആരോഗ്യ വകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ തെറ്റ്. ആ തെറ്റിനാണ് ഇപ്പോള്‍ ഞങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നത്. ആരോഗ്യ മന്ത്രി വന്ന് നേരിട്ട് തീരുമാനമാക്കാതെ ഞാന്‍ വീട്ടില്‍ പോകുന്ന പ്രശ്‌നമില്ല.
ഞാന്‍ വേദന അനുഭവിച്ചതാണ്, ഞാന്‍ സഹിച്ചതാണ്. ഞങ്ങളുടെ കൂടെ എല്ലാവരും ഇപ്പോള്‍ അനുഭവിക്കുകയാണ്. എന്നിട്ട് ഇപ്പോഴും ഇരയായ നമ്മളാണ് കുറ്റക്കാര്‍. എവിടെയാണ് നീതി, എവിടെയാണ് നിയമം. കൊട്ടാരത്തില്‍ വാഴുന്നവര്‍ക്ക് മാത്രമേ നീതിയും നിയമവുമുള്ളോ. നിയമങ്ങള്‍ മാത്രം പൊതുജനങ്ങള്‍ക്കും നീതി കുറ്റക്കാര്‍ക്കുമാണോ. കുറ്റക്കാരെ കൊണ്ടു പോകേണ്ട പൊലീസ് ജീപ്പ്, എല്ലാ ഭവിഷത്തും അനുഭവിച്ച എന്നെ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്,’ ഹര്‍ഷിന പറഞ്ഞു.
അതേസമയം, ഇന്നലെയാണ് സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയത്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുളളതാണെന്ന് ഉറപ്പില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എവിടെ നിന്നാണിത് മറന്നുവെച്ചതെന്ന് തെളിയിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇതില്‍ കുറ്റക്കാരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനക്കും തുടര്‍ അന്വേഷണത്തിനും വേണ്ടിയായിരുന്നു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. പൊലീസ് കണ്ടെത്തലുകളെ തള്ളികളയുന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയത്. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് ഹര്‍ഷിന ഡി.എം.ഒ ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
Content Highlights: Harshina, who protested in front of the DMO office, was arrested