കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റിലുളള കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഡി.എം.ഒക്ക് കൈമാറി. മെഡിക്കല്‍ കോളേജില്‍ ആ സമയത്തുണ്ടായിരുന്ന രേഖകളും ശസ്ത്രക്രിയ രേഖകളും പരിശോധിച്ച ശേഷമാണ് കൃത്യമായ റിപ്പോര്‍ട്ട് ഡി.എം.ഒക്ക് നല്‍കിയിരിക്കുന്നത്.
ഹര്‍ഷിനയുടെ ഓപ്പറേഷന്‍ സമയത്തുണ്ടായിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ അശ്രദ്ധക്ക് ഉത്തരവാദികളാകേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഡിക്കല്‍ അശ്രദ്ധയായത് കൊണ്ട് തന്നെ ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഡി.എം.ഒ നിയോഗിക്കുന്ന മെഡിക്കല്‍ ബോഡി സമിതി രൂപീകരിച്ച് ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ തുടര്‍ നടപടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാസം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് വിലയിരുത്തും.
മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അതേസമയം നൂറ് ശതമാനം തങ്ങളുടെ ഭാഗത്ത് ഉറപ്പുള്ളത് കൊണ്ടാണ് പോരാട്ടത്തിന് തയ്യാറായതെന്നും സത്യം എത്ര മൂടി വെച്ചാലും പുറത്ത് വരുമെന്നും ഹര്‍ഷിന മീഡിയ വണ്ണിനോട് പറഞ്ഞു.
2017 നവംബര്‍ 30ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്.
മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയിലായിരുന്നു വയറ്റില്‍ കത്രികയുണ്ടായിരുന്നത്. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്‌തെങ്കിലും സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തിയത്.
CONTENT HIGHLIGHTS: Harshina’s stomach surgery in the medical college itself; Police report