| Sunday, 27th August 2023, 11:59 am

'ഡോക്ടര്‍മാര്‍ക്കെതിരെയോ നഴ്‌സുമാര്‍ക്കെതിരെയോ അല്ല; തെറ്റിനെതിരെയാണ് സമരം; തെറ്റുപ്പറ്റിയവര്‍ ശിക്ഷിക്കപ്പെടണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സത്യസന്ധമായി അന്വേഷിച്ച പൊലീസിനോട് നന്ദിയുണ്ടെന്ന് ഹര്‍ഷിന. സമരം ചെയ്തത് ഡോക്ടര്‍മാര്‍ക്കെതിരെയോ നഴ്‌സുമാര്‍ക്കെതിരെയോ അല്ലെന്നും താന്‍ നേരിട്ട തെറ്റിനെതിരെയാണെന്നും അവര്‍ പറഞ്ഞു. തെറ്റുപ്പറ്റുന്നവര്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നും മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും ഹര്‍ഷിന പറഞ്ഞു.

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതില്‍ മാധ്യമങ്ങളോട് പ്രതികരണമറിയിക്കുകയായിരുന്നു അവര്‍. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറാണ് പൊലീസിന് നിയമോപദേശം നല്‍കിയത്.

‘സത്യസന്ധമായി അന്വേഷിച്ചത് കൊണ്ട് തന്നെ പൊലീസിനും ഇത് കണ്ടെത്താന്‍ പറ്റി. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണമാണ് പ്രതികൂലമായി വന്നത്. അത് അവരെ സംരക്ഷിക്കാനാണെന്ന് സമൂഹത്തിനറിയാം.
നമ്മുടെ പ്രശ്‌നം സത്യസന്ധമാണെന്ന് ആദ്യം മുതലേ പറയുന്നുണ്ട്. അത് സമൂഹം അംഗീകരിക്കുന്ന തരത്തിലേക്ക് എത്തിച്ചതിന് പൊലീസിനോട് നന്ദിയുണ്ട്. നീതി പുലരണം. അര്‍ഹമായ നീതി നടപ്പിലാക്കിയേ പറ്റൂ.

ഇത് മനുഷ്യത്വത്തിന്റെ കാര്യമല്ലേ. നമ്മള്‍ സമരം ചെയ്തത് ഡോക്ടര്‍മാര്‍ക്കെതിരെയോ നഴ്‌സുമാര്‍ക്കെതിരെയോ അല്ലല്ലോ. ഇത് വലിയൊരു തെറ്റാണ്. ആ തെറ്റ് എന്നോ പരിഹരിക്കാമായിരുന്നു. അവര്‍ മനപ്പൂര്‍വം ചെയ്തതാണെന്ന് നമ്മള്‍ ഒരിക്കലും പറയുന്നില്ല.

ഇത്രയും വലിയ മെഡിക്കല്‍ അശ്രദ്ധ സംഭവിച്ചിട്ട് അതിനൊരു പരിഹാരം കണ്ടില്ല. ഒരു വര്‍ഷത്തോളമായി ഞാനിതിന്റെ പിറകിലാണ്. അഞ്ച് വര്‍ഷത്തോളം അനുഭവിച്ച വേദനകളും മാനസിക പ്രയാസങ്ങളും ദുരിതങ്ങളുമൊക്കെ നമ്മള്‍ പറഞ്ഞുകഴിഞ്ഞു. എന്നോ ഒരു പരിഹാരം കാണാമായിരുന്നിട്ടും നീട്ടിക്കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ എത്തിക്‌സിന് നിരക്കുന്നതാണോ ഇത് എന്ന് അവര്‍ തന്നെ ചിന്തിക്കേണ്ടതാണ്,’ ഹര്‍ഷിന പറഞ്ഞു.

എല്ലാ ഡോക്ടര്‍മാര്‍ക്കെതിരെയും പ്രതിരോധം തീര്‍ക്കുകയല്ല താനെന്നും അവര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ തൃപ്തയാണെന്നും കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞുള്ള നടപടികള്‍ നോക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് റിപ്പോര്‍ട്ട് വന്നാല്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞതെന്നും സര്‍ക്കാര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹര്‍ഷിന പറയുന്നു.

CONTENT HIGHLIGHTS: harshina’S responds about police report and leagal advice

We use cookies to give you the best possible experience. Learn more