കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. പ്രതിപട്ടികയിലുള്ള 4 പേർക്കും ഇന്ന് പൊലീസ് നോട്ടീസ് അയച്ചു. മെഡിക്കല്‍ കോളേജ് പൊലീസ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
സംഭവത്തിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് ഇന്നലെ കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡോ. രമേശൻ, ഡോ ഷഹന, നഴ്സിംഗ് ഓഫീസർ രഹന, സ്റ്റാഫ് നഴ്സ് മഞ്ജു എന്നിവരാണ് പ്രതികൾ. നാലുപേരുടെയും അശ്രദ്ധ മൂലമാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഹർഷിനയുടെ പരാതി പ്രകാരം നേരേത്ത പ്രതിചേർത്തിരുന്ന മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് മുൻ സൂപ്രണ്ട് യൂണിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടർമാരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു
പ്രതികളെ ചോദ്യം ചെയ്തതിനു ശേഷമാകും പ്രോസിക്യൂട്ട് ചെയ്യാനായി ചീഫ് സെക്രട്ടറിയുടെ അനുമതി തേടി പൊലീസ് അപേക്ഷ നൽകുക. ഇക്കാര്യത്തിൽ പൊലീസ് നേരത്തെ നിയമോപദേശം തേടിയിട്ടുണ്ട്. ജോലിക്കിടയിൽ വീഴ്ച മൂലം സംഭവിക്കുന്ന കേസുകളിൽ സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി വേണം.
അതേസമയം, പ്രതികളെ കിട്ടിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഹർഷിന ആവശ്യപ്പെട്ടു.
‘പ്രതികളില്ലാത്തതായിരുന്നല്ലോ പ്രശ്‍നം. ഇപ്പോൾ പ്രതികളെ കിട്ടി. ഇനി ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കട്ടെ. വയറ്റിൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ല എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സർക്കാർ കൂടെയുണ്ട്, ഹർഷിനയ്ക്ക് നീതി ലഭ്യമാകണം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന മന്ത്രി എത്രയും പെട്ടെന്ന് സർക്കാരിന്റെ നിലപാട് വ്യക്തമാക്കണം,’ ഹർഷിന പറഞ്ഞു.
Content Highlight: Arrest in the case of scissor trapped inside stomach