കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ചാനലിലെ വാര്‍ത്താ അവതാരകനുമായ ടി.എം. ഹര്‍ഷന്‍ മാതൃഭൂമിയില്‍ നിന്നും രാജി വച്ചു. ഇന്നാണ് രാജികത്ത് മാനേജുമെന്റിന് കൈമാറിയത്. മാതൃഭൂമി ചാനലിന്റെ തുടക്കം മുതല്‍ ഹര്‍ഷന്‍ വാര്‍ത്താവതരണ രംഗത്തുണ്ടായിരുന്നു.
അഞ്ച് വര്‍ഷത്തോളമായി മാതൃഭൂമി ചാനലില്‍ ജോലി ചെയ്തു വരികയായിരുന്നു. ചാനലിലെ ഏറ്റവും കൂടുതല്‍ റേറ്റിംഗുള്ള പ്രോഗ്രാമായ സൂപ്പര്‍ പ്രൈം ടൈമിന്റെ രണ്ട് അവതാരകരിലൊരാളാണ് ഹര്‍ഷന്‍. കാര്‍ഷിക രംഗത്തെ മിടുക്കരെ കണ്ടെത്തുന്ന കൃഷി ഭുമി പരിപാടിയുടെ ചുമതലക്കാരനുമായിരുന്നു ഹര്‍ഷന്‍.
Also Read: അച്ഛനും മകനും ഫിഫ്റ്റിയടിച്ചു; ചരിത്രത്തിന് സാക്ഷിയായി ആരാധകര്‍
ഏഷ്യാനെറ്റിലും കൈരളിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാളുകളായി മാതൃഭൂമി ചാനല്‍ മാനേജുമെന്റ് കൈക്കൊണ്ടു വരുന്ന രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പാണ് ഹര്‍ഷന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട നിലപാടുകളും ബജറ്റിന്റെ പത്രക്കുറിപ്പ് ചോര്‍ന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും മാനേജുമെന്റുമായി അഭിപ്രായ വ്യത്യാസത്തിലേക്ക് എത്തിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.