| Wednesday, 30th November 2016, 11:05 am

പഴയ എസ്.എഫ്.ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ നിഷ്പക്ഷമാവില്ലെന്ന് വിമര്‍ശിച്ച കെ. സുരേന്ദ്രന് മറുപടിയുമായി ഹര്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൈകാര്യം ചെയ്യുന്ന വാര്‍ത്തയുടെ മെറിറ്റല്ലാതെ രാഷ്ട്രീയം നോക്കാന്‍ മാത്രം വിവരദോഷം തനിക്കില്ലെന്ന് ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 


തിരുവനന്തപുരം: മലയാള മാധ്യമങ്ങള്‍ അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകനും കമ്മ്യൂണിസ്റ്റ് നേതാവുമായ ഫിദല്‍ കാസ്‌ട്രോയുടെ ഒരു മുഖം മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമ സ്ഥാപനങ്ങളിലെ പഴയ എസ്.എഫ്.ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ നിഷ്പക്ഷമാവില്ലെന്നും വിമര്‍ശിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്റെ മറുപടി.

നിഷ്പക്ഷവാര്‍ത്തയറിയാന്‍ മലയാളം മാധ്യമങ്ങളിലെ മുന്‍ എസ്.എഫ്.ഐക്കാരെ ഓടിയ്ക്കണവെന്നാണല്ലോ സുരേന്ദ്രന്‍ പറഞ്ഞത്. കൈകാര്യം ചെയ്യുന്ന വാര്‍ത്തയുടെ മെറിറ്റല്ലാതെ രാഷ്ട്രീയം നോക്കാന്‍ മാത്രം വിവരദോഷം തനിക്കില്ലെന്ന് ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


എല്ലാ വാര്‍ത്തയ്ക്കും പക്ഷമുണ്ടെന്നും അത് ശരിയുടെ പക്ഷമായിരിക്കുക എന്നത് മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തമാണെന്നും ഹര്‍ഷന്‍ കൂട്ടിച്ചേര്‍ത്തു. പിന്നെ സുരേന്ദ്രനറിയാത്ത ഒരു കാര്യം കൂടെ പറയാം. ഈ “നിഷ്പക്ഷത” എന്നത് “വിഷം കുടിച്ച് ” ചാകാതിരിയ്ക്കാന്‍ ഒരു മൊതലാളി അവതരിപ്പിച്ച പ്രൊപ്പഗാന്‍ഡ ആരുന്നുവെന്നും ഹര്‍ഷന്‍ ചൂണ്ടിക്കാട്ടുന്നു.

ക്യൂബയില്‍ പ്രസ് ഫ്രീഡം ഉണ്ടോ എന്നൊക്കെ പഞ്ച് ഡയലോഗിടുമ്പോ ഒരു കാര്യം കൂടെ ഓര്‍ക്കണം. സംഘപരിവാറിന് താല്‍പര്യമില്ലാത്ത വിഷയം ചര്‍ച്ചയ്‌ക്കെടുത്ത മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്ന് ആയിരങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തുന്ന സംവിധാനത്തിന്റെ നേതാവിന്റെ പേര് കാസ്‌ട്രോ എന്നല്ല, പറഞ്ഞത് പുകിലാകുമ്പോള്‍ ചാനല്‍ അവതാരകനെ ഫോണില്‍ പുലഭ്യം പറയുന്ന നേതാവിന്റെ പേരും കാസ്‌ട്രോ എന്നല്ലെന്നും ഹര്‍ഷന്‍ സുരേന്ദ്രന് മറുപടിയായി പറഞ്ഞു. നിങ്ങളനുവദിക്കുന്ന മാധ്യമ സ്വാതന്ത്ര്യം നന്നായി അനുഭവിക്കുന്നതുകൊണ്ട് ഇതൊക്കെ കേട്ടാ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കുമെന്നും ഹര്‍ഷന്‍ കുറിച്ചു.


ഫിദല്‍ കാസ്‌ട്രോയുടേയും നെല്‍സണ്‍ മണ്ഡേലയുടെയും മാറഡോണയുടെയും കാലത്ത് ജീവിയ്ക്കാനായത് ഭാഗ്യമാണെന്നും ഹര്‍ഷന്‍ വ്യക്തമാക്കി. ഫിദലിന്റെ കാലത്ത് ജനിച്ചു എന്നത് ഭാഗ്യമായി കരുതുന്നതായി വാര്‍ത്ത വായിക്കുന്നതിനിടയില്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന സുരേന്ദ്രന്റെ വിമര്‍ശനത്തിനുള്ള മറുപടിയായിരുന്നു ഇത്.

വേറെ ഏതുവാക്കുകൊണ്ടാണ് താനൊരു തലമുറയുടെ വികാരത്തെ വരച്ചുകാട്ടുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഗാന്ധിയുടെ, ചെഗുവേരയുടെ, അംബേദ്കറുടെ, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ കാലം കടന്നുപോയ പ്ലാറ്റ് ഫോമില്‍ വൈകിയെത്തിയതിന്റെ നിരാശയുണ്ട്. കാലത്തെക്കുറിച്ചോര്‍ത്ത് അപമാനിതനാവാനും വകയുള്ള ലോകത്താണ് ഇപ്പോഴെന്ന കൃത്യമായ ബോധ്യവുമുണ്ടെന്ന് പറഞ്ഞ ഹര്‍ഷന്‍ ഈ പേരുകള്‍ടെ കൂടെ നിങ്ങക്ക് സന്തോഷം തരുന്ന ഏത് പേര് ഞാന്‍ ചേര്‍ക്കുമെന്ന് സുരേന്ദ്രനോട് ചോദിക്കുകയും ചെയ്യുന്നു.

We use cookies to give you the best possible experience. Learn more