| Wednesday, 22nd August 2018, 11:15 pm

വിമര്‍ശിയ്ക്കാന്‍ വേണ്ടി വിമര്‍ശിക്കരുത് ചുമ്മാ തപ്പ് വേറെ കേസുകിട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടായിരത്തിനാലിലെ സുനാമി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചയാരുന്നു എന്നുപറഞ്ഞാ ആരേലും സമ്മതിയ്ക്കുവോ … സിപിഎം പോലും സമ്മതിയ്ക്കത്തില്ല.

ചരിത്രത്തിലാദ്യമായി കേരളതീരത്തെ നക്കിത്തുടച്ച തിരമാലകളെ “സുനാപ്പിയെന്നും സുയാമിയെന്നുമൊക്കെയാണ്” മാധ്യമങ്ങള്‍ പോലും ആദ്യം വിളിച്ചത്.അത്രയ്ക്ക് അപരിചിതവും അപ്രതീക്ഷിതവുമായിരുന്നു തിരമാലകളുടെ ആക്രമണം.(മനോരമ “രാക്ഷസത്തിരമാലകളെന്ന്” പേരിട്ട് തടി കയ്ച്ചലാക്കി).ആധുനികകേരളത്തിന് അത്രതന്നെ അപരിചിതമായ ഒന്നാണ് ഇപ്പോള്‍ സംഭവിച്ച ഈ മഹാപ്രളയവും.

ഏത് ദുരന്തത്തിനും ദുരിതത്തിനുംപിന്നാലെ രാഷ്ട്രീയവിവാദം സ്വാഭാവികമാണ്.
തീര്‍ച്ചയായും ഇനി രമേശ് ചെന്നിത്തലയുടേയും ശ്രീധരന്‍പിള്ളയുടേയും ടേണാണ്.(അല്ലേവേണ്ട, പിള്ളേച്ചനൊന്നും പറയണ്ട.ആദ്യം കേന്ദ്രത്തീന്ന് വല്ല ചേനപുഴുങ്ങിയതും കൊണ്ടുവരട്ടെ.എന്നിട്ട് പറഞ്ഞാ മതി.അല്ലെങ്കി കേസുകൊട്, അതുവല്ലെങ്കി “ന്യൂനപക്ഷ”മര്‍ദ്ദത്തിനെതിരെ ഭൂരിപക്ഷമര്‍ദ്ദം ഉണ്ടാക്ക് )

ഡാം തുറന്നുവിട്ടതോടെയാണ് ദുരന്തമുണ്ടായതെന്നാണ് ചെന്നിത്തല ആരോപിയ്ക്കുന്നത്.പക്ഷേ അത് ക്ലച്ച് പിടിയ്ക്കത്തില്ല.ആകെ പെയ്ത മഴയുടെ പതിനൊന്നുശതമാനമേ ഡാമില്‍ വീണിട്ടൊള്ളൂ.ആ പതിനൊന്നുശതമാനമാണ് പ്രളയമായതെങ്കില്‍ ബാക്കി എണ്‍പത്തൊന്‍പതുശതമാനം വെള്ളം ഭൂമി തുരന്ന് പാതാളത്തില്‍ പോയെന്ന് കരുതണോ..!
കേരളത്തില്‍ ഏറ്റവും അധികം മഴ കിട്ടുന്ന സ്ഥലം ഇടുക്കി ഡാമിനും ഇടമലയാറിനും താഴെയുള്ള നേര്യമംഗലമാണ്.അവ്‌ടെ പെയ്ത മഴവെള്ളം പ്രളയത്തില്‍ പാര്‍ട്ടിസിപ്പേറ്റ്‌ചെയ്യണ്ടാന്ന് തീരുമാനിച്ച് മാറിനിക്കുവാരുന്നോ.!

Also Read ചെന്നിത്തലയുടെ ആക്ഷേപങ്ങളും മുഖ്യമന്ത്രിയുടെ മറുപടികളും

ഹൈറേഞ്ചില്‍ എഴുപത്തഞ്ചിലേറെ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട് അതിന്റെ എത്രയോ ഇരട്ടി മണ്ണിടിച്ചിലും.ആ ഉരുളൊക്കെ ചറപറാ പൊട്ടിയത് ഡാമുകളിലെ വെള്ളമൊഴുകുന്നിടത്തല്ല.അടിമാലീലും നെടുങ്കണ്ടത്തുമൊക്കെ ഏത് ഡാം!.മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് ഒലിച്ചുപോയത് ഏത് ഡാമിലെ വെള്ളത്തിലാ?.നെല്ലിയാമ്പതീലും പത്തമ്പത് ഉരുള്‍ പൊട്ടീട്ടുണ്ടാവും. മലപ്പുറമടക്കം വടക്കന്‍ കേരളത്തില്‍ എത്രയെത്ര മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി.അതിനൊക്കെ ഏത് ഡാമിനെ പഴിയ്ക്കും?.

അപ്പോ പ്രതി മഴയാണ്..എന്നുവച്ചാ പേമാരി.
തൊണ്ണൂറ്റൊമ്പതില്‍ ..അതായത് 1924ല്‍ പെയ്തപോലെ.ഇതുപോലൊരു മഴ അന്ന് പെയ്തപ്പോ മൂന്നാറിലെ റെയില്‍പാളം ഒലിച്ചുപോയി,കുട്ടനാട് ഇപ്പം മുങ്ങിയപോലെ മുങ്ങി.. തകഴി ഒരു കഥതന്നെ എഴുതി.അന്നാ മഴപെയ്തത് ഈ ഡാമുകള്‍ക്കും കെഎസ്ഇബിയ്ക്കും മുമ്പല്ലേ.
പിന്നിതുപോലൊരു മഴ പെയ്തപ്പോ കൊച്ചിയില്‍ പുതുവയ്പ് എന്നൊരു കരതന്നെ ഉണ്ടായി.ഓച്ചന്തുരുത്തുകാര് ഒരു മഴക്കാലത്ത് രാവിലെ എഴുന്നേറ്റ് കെഴക്കോട്ട് നോക്കിയപ്പോ ദേ…ഒരു പുതിയ കര.ഇതിങ്ങനൊക്കെ സംഭവിയ്ക്കും,ഇതാണ് പ്രകൃതി.

ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ അമ്പതിനായിരം പേര് ചത്തുപോകുവേന്ന് നിലവിളിച്ച സജി ചെറിയാന്റെ ചെങ്ങന്നൂര് വെള്ളമെറങ്ങിയപ്പോ എത്രപേര് മരിച്ചു..? പത്തുപേര്.അതില്‍ എട്ടുപേര് അസുഖംവന്നും രണ്ടുപേര് രക്ഷാപ്രവര്‍ത്തനത്തിനിടേം മരിച്ചതാന്ന് സജിതന്നെ പറയുന്നു. സര്‍ക്കാരിന്റെ റെസ്‌ക്യൂ ഓപ്പറേഷന്‍ അവര് നിരൂപിച്ചപോലെ നടന്നു.
എന്നുവച്ച് കുറ്റോം കൊറവും കാണത്തില്ലേ..? ഒറപ്പായിട്ടും കാണും,
അത് പറയണ്ടേ..?……പറയണം.
പത്തുലക്ഷംപേര് ഇപ്പഴും ദുരിതക്കയത്തിലല്ലേ,
അവര്‍ക്കുവേണ്ടി പറഞ്ഞുകൊണ്ടേയിരിയ്ക്കണം.
ഇപ്പഴീ തല്ലുപിടിയ്ക്കാനെടുക്കുന്ന ഊരും നീരും തല്‍ക്കാലം ആ കേന്ദ്രത്തിന്റ കയ്യീന്ന് വല്ലോം പിടിച്ചുമേടിയ്ക്കാന്‍ പ്രയോജനപ്പെടുത്ത്.

തീരുമാനങ്ങളിലെ പിഴവുകള്‍ വസ്തുതാപരമായി ചൂണ്ടിക്കാട്ടണം, വിമര്‍ശിയ്ക്കണം.സുനാമി കഴിഞ്ഞപ്പോ അന്ന് പ്രതിപക്ഷത്തിന് കിട്ടിയില്ലേ ഇഷ്ടം പോലെ.കടല് കാണാന്‍ ടൂറ് പോകേണ്ട പാലായില്‍ പാലം പണിയാന്‍ സുനാമി ഫണ്ട് അടിച്ചുമാറ്റിയപോലുള്ള കേസുകെട്ടുകള്‍ കിട്ടും.ചെവിയ്ക്കുപിടിച്ച് ചോദിയ്ക്കണം.
പറ്റിയാ കേസുകൊടുക്കണം.

അല്ലാതെ വിമര്‍ശിയ്ക്കാന്‍ വേണ്ടി വിമര്‍ശിയ്ക്കുവാണോന്ന് തോന്നുന്ന ആരോപണം ഉന്നയിക്കരുത്.
ചുമ്മാ തപ്പ്,വേറേ കേസുകിട്ടും…
നമ്മക്ക് ഉഷാറാക്കണ്ടേ…?

We use cookies to give you the best possible experience. Learn more