'മുപ്പതു വര്‍ഷത്തിന്റെ മുഴുപ്പൊന്നും കയ്യിലില്ല, പക്ഷേ മുഴുപ്പങ്ങ് കയ്യില്‍ വച്ചാമതി എന്ന് പറയാനുള്ള ഉറപ്പുണ്ട്'; 'മംഗള'ത്തിന്റെ വാര്‍ത്ത ജനിച്ചത്എങ്ങനെയെന്ന് വിളിച്ച് പറഞ്ഞ് ഹര്‍ഷന്‍
Daily News
'മുപ്പതു വര്‍ഷത്തിന്റെ മുഴുപ്പൊന്നും കയ്യിലില്ല, പക്ഷേ മുഴുപ്പങ്ങ് കയ്യില്‍ വച്ചാമതി എന്ന് പറയാനുള്ള ഉറപ്പുണ്ട്'; 'മംഗള'ത്തിന്റെ വാര്‍ത്ത ജനിച്ചത്എങ്ങനെയെന്ന് വിളിച്ച് പറഞ്ഞ് ഹര്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2017, 6:33 pm

തിരുവനന്തപുരം: മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റേതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണം ബ്രേക്കിംഗ് ന്യൂസായി നല്‍കി സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷനെതിരെ ആഞ്ഞടിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍. ഇത്തരത്തിലുള്ള സ്വകാര്യ സംഭാഷണം എങ്ങനെയാണ് ചാനലിന് ലഭിച്ചത് എന്നും ഹര്‍ഷന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. മീഡിയവണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനാണ് ഹര്‍ഷന്‍.

മാധ്യമപ്രവര്‍ത്തനത്തില്‍ മുന്‍പരിചയമില്ലാത്തവരും അക്കാദമിക് യോഗ്യതയില്ലാത്തവരുമായ അഞ്ച് കുട്ടികളെ ചേര്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ ടീമെന്ന് പേരിട്ട് അതിന്റെ തലപ്പത്ത് തരക്കേടില്ലാത്ത ഒരു “തനിനിറം തരികിട”യെ പ്രതിഷ്ഠിച്ചുവെന്ന് മംഗളം ചാനലിന്റെ പേര് പറയാതെ ഹര്‍ഷന്‍ പറഞ്ഞു. തുടര്‍ന്ന് രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായ ഒരു ഡസനിലേറെ പേരുടെ ഫോണ്‍ നമ്പറുകള്‍ കുട്ടികള്‍ക്ക് കൊടുത്ത് സെക്‌സ് ടേപ്പിലെങ്കിലും കുടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഹര്‍ഷന്‍ പറഞ്ഞു.


Related News: ‘ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല’; മംഗളം ചാനലില്‍ നിന്ന് രാജി വെച്ചതായി മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്


സി.ഇ.ഒയുടേയും ഇന്‍വെസ്റ്റിഗേഷന്‍ ടീം തലവന്റേയും ആജ്ഞാനുസരണം പണി തുടങ്ങിയ അവരില്‍ ഒരാള്‍ ഏഴുമാസം പിന്നാലെ നടന്ന് എഴുപതുകാരനെ കുടുക്കിയതാണെന്നും ശശീന്ദ്രനെ ഉദ്ദേശിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അയാളുടെ പ്രണയവും ലൈംഗികതയും പരസ്യമാക്കി പത്തരമാറ്റ് സ്ത്രീസംരക്ഷകരായ ഞങ്ങള്‍ അവതരിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുവെന്നും ഇത് മാത്രമാണ് നടന്നത് എന്നും ഹര്‍ഷന്‍ ആരോപിക്കുന്നു.

ഇതാണോ മാധ്യമപ്രവര്‍ത്തനമെന്ന് ചോദിച്ചവരെ വിരട്ടാനാണ് ഇപ്പോള്‍ശ്രമമെന്ന് പറഞ്ഞ ഹര്‍ഷന്‍, 30 വര്‍ഷത്തിന്റെ മുഴുപ്പൊന്നും കയ്യിലില്ല, പക്ഷേ മുഴുപ്പങ്ങ് കയ്യില്‍ വച്ചാമതി എന്ന് പറയാനുള്ള ഉറപ്പുണ്ട് എന്നു കൂടി പറഞ്ഞു. താന്‍ പറഞ്ഞതിന് തെളിവ് ചോദിക്കുന്നവര്‍ അവര്‍ പറഞ്ഞതിന് ആദ്യം തെളിവ് കൊണ്ടുവരണം എന്ന് കൂടി പറഞ്ഞാണ് ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഹര്‍ഷന്‍ പൂപ്പാറക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മാധ്യമപ്രവർത്തനത്തിൽ മുൻപരിചയമില്ലാത്തവരും അക്കാദമിക് യോഗ്യതയുമില്ലാത്തവരുമായ അഞ്ച് കുട്ടികളെ ചേർത്ത് ഇൻവസ്റ്റിഗേഷൻ ടീമെന്ന് പേരിടുന്നു.അതിൻ്റെ തലപ്പത്ത് തരക്കേടില്ലാത്ത ഒരു തനിനിറം തരികിടയെ പ്രതിഷ്ഠിയ്ക്കുന്നു.അയാൾ കേരളാ പോലീസിൻ്റെ പുളകമാണത്രേ.
എന്നിട്ട് രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായ ഒരുഡസണിലേറെ പേരുടെ ഫോൺ നമ്പരുകൾ ആ കുട്ടികൾക്കുകൊടുത്തിട്ട് അവരെ സെക്സ് ടേപ്പിലെങ്കിലും കുടുക്കാൻ ആവശ്യപ്പെടുന്നു.


Don”t Miss: കൊക്കകോള കാനുകളില്‍ മനുഷ്യ വിസര്‍ജ്ജ്യം; അയര്‍ലന്‍ഡില്‍ കോള ഫാക്ടറി അടച്ചിട്ടു


സ്വന്തം നിലപാട് പറയാൻ കരുത്തില്ലാത്ത ആ അഞ്ച് പാവങ്ങളിൽ ഇതാണ് മാധ്യമപ്രവർത്തനമെന്ന് ധരിച്ച
ഒന്നോ രണ്ടോ പേർ അന്നുമുതൽ സിഇഒയുടെയും ഇൻവസ്റ്റിഗേഷൻ ടീം തലവൻ്റെയും ആജ്ഞാനുസരണം പണി തുടങ്ങുന്നു.ഏഴുമാസം പിന്നാലെ നടന്ന് പ്രണയം നടിച്ച് ഒരാൾ ഒരെഴുപതുകാരനെ കുടുക്കുന്നു.അയാളുടെ പ്രണയവും ലെെംഗികതയും പരസ്യമാക്കി ഇതാ പത്തരമാറ്റ് സ്ത്രീസംരക്ഷകരായ ഞങ്ങൾ അവതരിച്ചിരിയ്ക്കുന്നു എന്ന് പ്രഖ്യാപിയ്ക്കുന്നു ഇതാണ് നടന്നത് ,ഇത് മാത്രമാണ് നടന്നത്.

ഇതാണോ മാധ്യമപ്രവർത്തനം എന്നുചോദിച്ചവരെ വിരട്ടാനാണ് ഇപ്പോൾ ശ്രമം.
ഒരു കാര്യം പറഞ്ഞേക്കാം മുപ്പതുവർഷത്തിൻ്റെ മുഴുപ്പൊന്നും കയ്യിലില്ല,പക്ഷേ മുഴുപ്പങ്ങ് കയ്യിൽ വച്ചാമതി എന്ന് പറയാനുള്ള ഉറപ്പുണ്ട്.

(ഞാൻ പറഞ്ഞതിന് തെളിവെവ്ടെ എന്നു ചോദിയ്ക്കുന്നേനുമുമ്പ് താൻ പറഞ്ഞതിന് തെളിവ് കൊണ്ടുവാടോ)
#WeAreNotMangalam