| Wednesday, 21st September 2022, 8:20 am

ഡെത്ത് ബൗളിങ് സ്‌പെഷ്യലിസ്റ്റാണത്രേ; ബുംറ കരിയറില്‍ വിട്ടുകൊടുത്ത സിക്‌സര്‍ വെറും ഒരു വര്‍ഷം കൊണ്ടല്ലെ ഇങ്ങെടുത്തത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. കൂറ്റന്‍ സ്‌കോറുകള്‍ക്ക് പേരുകേട്ട മൊഹാലിയില്‍ ടോസ് ലഭിച്ച കങ്കാരുപ്പട ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ മികച്ച ടോട്ടല്‍ തന്നെ കണ്ടെത്തിയിരുന്നു. തുടക്കം മുതല്‍ അറ്റാക്കിങ് അപ്രോച്ച് വെച്ച് കളിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊളുത്തി വിട്ട തിരി അവസാനം ഹര്‍ദിക് പാണ്ഡ്യ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 71 റണ്‍സും കെ.എല്‍ രാഹുല്‍ 55 റണ്‍സും സ്വന്തമാക്കി. 46 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. ബാറ്റര്‍മാര്‍ അക്ഷാര്‍ത്ഥത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് പണി കൊടുക്കുകയായിരുന്നു.

209 ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു കളിച്ചത്. അതിനൊത്ത് മോശം ബൗളിങ്ങുമായി ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനവും. ഇരു ടീമിലെ ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു മത്സരത്തിലുടനീളം. എന്നാല്‍ ബാറ്റര്‍മാരുടെ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍ അക്‌സര്‍ പട്ടേല്‍ വേറിട്ട് നിന്നിരുന്നു.

നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അദ്ദേഹം കൊയ്തത്. ഒരു ഘട്ടത്തില്‍ മത്സരം ഇന്ത്യക്കായി തിരിക്കാന്‍ അക്‌സറിന്റെ സ്‌പെല്ലിന് സാധിച്ചിരുന്നു. എന്നാല്‍ മറ്റു ബൗളര്‍മാര്‍ ഓസീസിനായുള്ള പ്രകടനം തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അടിവാങ്ങിയത് എക്‌സപീരിയന്‍സ്ഡായിട്ടുള്ള ഭുവനേശ്വര്‍ കുമാറായിരുന്നു. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. 49 റണ്‍സുമായി ഹര്‍ഷല്‍ പട്ടേല്‍ തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു.

18ാം ഓവറില്‍ 22 റണ്‍സാണ് ഹര്‍ഷല്‍ വിട്ടു നല്‍കിയത്. മൂന്ന് സിക്‌സര്‍ ആ ഓവറില്‍ ഓസീസ് ബാറ്റര്‍മാരായ മാത്യു വെയ്ഡും ടിം ഡേവിഡും അടിച്ചുകൂട്ടിയിരുന്നു. ഈ മൂന്ന് സിക്‌സറടക്കം ഈ വര്‍ഷം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തില്‍ 28 സിക്‌സറാണ് ഹര്‍ഷലിന്റെ ബൗളിങ്ങില്‍ ബാറ്റര്‍മാര്‍ അടിച്ചുനേടിയത്.

ഐ.പി.എല്ലില്‍ ഡെത്ത് ഓവറില്‍ മോശമല്ലാത്ത പ്രകടനം നടത്താറുള്ള ഹര്‍ഷല്‍ പക്ഷെ ഇന്ത്യന്‍ ടീമില്‍ അത്രത്തോളം മികവ് കാണിക്കാറില്ല. ഇന്ത്യന്‍ ടീമിന്റെ ഡെത്ത് ബൗളര്‍ സ്‌പെഷ്യലിസ്റ്റെന്ന് അറിയപ്പെടുന്ന ഹര്‍ഷലില്‍നിന്നും ഇതല്ല ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്.

ജസ്പ്രീത് ബുംറ തന്റെ അന്താരാഷ്ട്ര കരിയറില്‍ വിട്ടുനല്‍കിയത് വെറും 28 സിക്‌സറാണ്. അതാണ് വെറും ഒരു വര്‍ഷം കൊണ്ട് ഹര്‍ഷല്‍ നേടിയിരിക്കുന്നത്. ബുംറയുടെ അത്ര ഇല്ലെങ്കിലും വളരെ ഹൈപ്പുള്ള ബൗളര്‍ തന്നെയായിരുന്നു ഹര്‍ഷല്‍ പട്ടേലും. ഇത്തരത്തിലുള്ള പ്രകടനം ലോകകപ്പിലും തുടരുകയാണെങ്കില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യക്ക് പുറത്താകാം.

ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടി കളിയിലെ താരമായി. കരിയറില്‍ ആദ്യമായി ഓപ്പണിങ് ഇറങ്ങിയ ആ 23 വയസുകാരന്‍ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഫിനിഷിങ്ങില്‍ മാരക അടി അടിച്ച മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. മുന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത് 35 റണ്‍സ് നേടിയിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 23ന് വിദര്‍ബ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

Content Highlight: Harshal Patel worst record of conceding  28 sixes this year

We use cookies to give you the best possible experience. Learn more