ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണിന് തിരശീല വീണിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് കിരീടം ചൂടിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ കൊല്‍ക്കത്തയുടെ മൂന്നാം കിരീടനേട്ടമാണിത്.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് പഞ്ചാബ് കിങ്സ് താരം ഹര്‍ഷല്‍ പട്ടേല്‍ ആണ് സ്വന്തമാക്കിയത്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ ആണ് ഹര്‍ഷല്‍ നേടിയത്. 23.33 ആവറേജിലും 8.74 എക്കണോമിലുമാണ് താരം പന്തെറിഞ്ഞത്.
ഐ.പി.എല്‍ ചരിത്രത്തിലെ ഹര്‍ഷല്‍ പട്ടേലിന്റെ രണ്ടാം പര്‍പ്പിള്‍ ക്യാപ്പ് നേട്ടമാണിത്. 2021ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് ഹര്‍ഷല്‍ ആദ്യമായി പര്‍പ്പിള്‍ ക്യാപ്പ് നേടുന്നത്. ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി പര്‍പ്പിള്‍ ക്യാപ്പ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഹര്‍ഷല്‍ സ്വന്തമാക്കിയത്.
2021ല്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം 15 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ ആയിരുന്നു ഹര്‍ഷല്‍ നേടിയത്. താര ലേലത്തില്‍ 10 കോടി രൂപയ്ക്കാണ് പഞ്ചാബ് ഹര്‍ഷല്‍ പട്ടേലിനെ സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതിനെ തുടര്‍ന്ന് താരത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു നിന്നിരുന്നു. ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിക്കൊണ്ടാണ് താരം വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുന്നത്.
Content Highlight: Harshal Patel Won Purple Cap of IPL 2024