ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് അഞ്ചു വിക്കറ്റുകള്‍ക്ക് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു.
ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
പഞ്ചാബ് ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് ഹര്‍ഷല്‍ പട്ടേല്‍ നടത്തിയത്. റിയാന്‍ പരാഗ്, ഡോ ഡോനോവന്‍ ഫെരേരിയ എന്നിവരെ പുറത്താക്കിയാണ് ഹര്‍ഷല്‍ കരുത്ത് കാട്ടിയത്.
ഇതോടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്താനും സാധിച്ചു. 22 വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയത്. 20 വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മറികടന്നു കൊണ്ടായിരുന്നു താരത്തിന്റെ മുന്നേറ്റം.
മത്സരശേഷം തന്റെ മികച്ച പ്രകടനങ്ങളെ കുറിച്ചും ഹര്‍ഷല്‍ പറഞ്ഞു. ബുംറയേക്കാള്‍ മികച്ച ബൗളര്‍ ആയി മാറുക എന്നതാണ് തന്റെ എക്കാലത്തെയും ലക്ഷ്യം എന്നാണ് ഹര്‍ഷല്‍ പറഞ്ഞത്.
‘ഞാന്‍ ജസ്പ്രീത് ബുംറയെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്ന ഒരാളാണ്. അവനെപ്പോലെ മികച്ച താരം ആവാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. പര്‍പ്പിള്‍ ക്യാപ്പ് മത്സരത്തില്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് വളരെ വലിയ കാര്യമാണ്,’ ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.
ക്യാപ്റ്റന്‍ സാം കറന്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നഥാന്‍ ഏലിയാസ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
41 പന്തിൽ പുറത്താവാതെ 63 നേടിയ ക്യാപ്റ്റന്‍ സാം കറന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സുമാണ് സാം നേടിയത്.
ഇവിടെ 13 മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയവും എട്ടു തോല്‍വിയും അടക്കം പത്തു പോയിന്റോടെ ഒമ്പതാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബിന് സാധിച്ചു.
മെയ് 19ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.
Content Highlight: Harshal Patel talks about Jasprit Bumrah