| Monday, 19th September 2022, 7:04 pm

തിരിച്ചെത്തിച്ചത് ദ്രാവിഡും രോഹിത്തും; ലോകകപ്പില്‍ തിളങ്ങാനൊരുങ്ങി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ടി-20 ലോകകപ്പിലേക്കുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ തെരഞ്ഞെടുത്തത്. ഏഷ്യാ കപ്പില്‍ മത്സരിച്ച താരങ്ങളില്‍ നിന്ന് വലിയ മാറ്റമില്ലാതെയാണ് ലോകകപ്പിലേക്കുള്ള ടീമിനെ തീരുമാനിച്ചത്.

ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും മടങ്ങി വരവും രവീന്ദ്ര ജഡേജ പരിക്ക് കാരണം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമാണ് എടുത്തു പറയാവുന്ന മാറ്റങ്ങള്‍.

ടി-20 ലോകകപ്പിലേക്ക് പൂര്‍ണ തയ്യാറെടുപ്പോടെയുള്ള തിരിച്ചു വരവിനൊരുങ്ങുകയാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന താരങ്ങളില്‍ ഒരാളായ ഹര്‍ഷല്‍ പരിക്ക് കാരണം 2022ലെ ഏഷ്യാ കപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്നെ നന്നായി പിന്തുണച്ചിട്ടുണ്ടെന്നും ഇരുവരും ടീമിനെ മുഴുവന്‍ പിന്തുണക്കുന്നുണ്ടെന്നും ഹര്‍ഷല്‍ പറഞ്ഞു.

‘കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പിന്തുണയല്ലാതെ മറ്റൊന്നുമല്ല. അവര്‍ എന്നെ മാത്രമല്ല ടീമിലെ മറ്റെല്ലാവര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ടീമില്‍ എന്റെ റോള്‍ എന്താണെന്ന് വ്യക്തമാക്കിത്തരികയും അതിന് വേണ്ട ആത്മവിശ്വാസം നല്‍കുകയും ചെയ്തിട്ടുണ്ട്, ഹര്‍ഷല്‍ പറഞ്ഞു

ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പൂര്‍ണ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ തനിക്ക് സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഹര്‍ഷല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ ബൗളിങ്ങ് മെച്ചപ്പെടുത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സ്ലോ ബോളിന്റെ നീളവും അത് എവിടെയാണ് കൂടുതല്‍ ഫലപ്രദമാകുകയെന്നും ഞാന്‍ പരിശോധിച്ചു.

നേരത്തെ ഞാന്‍ സ്ലോ ബോള്‍ എറിയുമായിരുന്നു, പിന്നീട് അത് ലെങ്ത് ബോള്‍ ആക്കി. ഇപ്പോള്‍ വീണ്ടും ഷോര്‍ട്ട് ബോള്‍ എറിയുന്നു. അത് വളരെ ഫലപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു, ടീം ഇന്ത്യയിലോ ആര്‍.സി.ബിയിലോ അവസരം ലഭിച്ചാല്‍ ഞാന്‍ അതിന് തയ്യാറാണ്,’ ഹര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരക്ക് നാളെ ആരംഭിക്കും. മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി കളിക്കുന്നത്. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്

ഓസ്ട്രേലിയന്‍ ടീം: സീന്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എലിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ ഗ്രീന്‍, ജോ ഹെയ്സല്‍വുഡ്, ജോ ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ഡാനിയല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ആദം സാംപ

Content Highlight: Harshal Patel says Rahul Dravid and Rohit Sharma brought him back to the team

Latest Stories

We use cookies to give you the best possible experience. Learn more