| Friday, 17th June 2022, 12:10 am

ഉമ്രാനെ പോലെയാകാന്‍ എനിക്ക് പറ്റില്ല, പക്ഷെ ഞാന്‍ എന്റെ കഴിവിനെ എന്നും മെച്ചപ്പെടുത്താന്‍ ശ്രമിക്കും; തന്റെ ബൗളിങ് രീതിയെ കുറിച്ച് ഇന്ത്യന്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. താര സമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ലോകകപ്പില്‍ ഇടം നേടാന്‍ താരങ്ങള്‍ തമ്മില്‍ മത്സരമാണ്. ഐ.പി.എല്ലിന് ശേഷം പുത്തന്‍ താരങ്ങളാണ് ടീമിലെത്തിയിരിക്കുന്നത്. എന്നാല്‍ ആരൊക്കെ ലോകകപ്പില്‍ കാണുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.

2021 ഐ.പി.എല്ലിലെ മികച്ച പ്രകടനത്തില്‍ ടീമിലെത്തിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ ഇന്ത്യന്‍ ടീമിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ബാറ്റര്‍മാര്‍ ചിന്തിക്കുന്നതിലും ഒരുപടി മുകളില്‍ ചിന്തിക്കുന്നതാണ് തന്റെ രീതി. താന്‍ എന്താണ് എറിയുന്നത് എന്നറിയാന്‍ ബാറ്റര്‍മാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രമിക്കുകയാണെന്നും താരം പറഞ്ഞു.

‘സത്യം പറഞ്ഞാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ഐ.പി.എല്ലില്‍ ഞാന്‍ എന്താണ് എറിയുന്നതെന്ന് ആളുകള്‍ മുന്‍കൂട്ടി കാണാന്‍ ശ്രമിക്കുന്നു. ഓരോ ബൗളര്‍ക്കൊപ്പം ബാറ്റര്‍മാര്‍ കൂടുതല്‍ സമയം കളിക്കുമ്പോള്‍, ബൗളറുടെ ശക്തിയും പാറ്റേണും എന്താണെന്ന് എതിരാളികള്‍ തിരിച്ചറിയും. ഒരു ബൗളര്‍ എന്ന നിലയില്‍ അവരെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ ജോലി. അവസാനം നിങ്ങള്‍ക്ക് 15 പ്ലാനുകള്‍ ഉണ്ടായിരിക്കാം, എന്നാല്‍ ഒരു പ്രത്യേക ദിവസം സമ്മര്‍ദ്ദകരമായ സാഹചര്യത്തില്‍, നിങ്ങള്‍ ഗ്രൗണ്ടില്‍ ആത്മവിശ്വാസത്തോടെ പ്ലാന്‍ നടപ്പിലാക്കിയില്ലെങ്കില്‍, ഒന്നും ശരിയായിരിക്കില്ല,’ ഹര്‍ഷല്‍ പറഞ്ഞു.

ഉമ്രാനെ പോലെ വേഗത്തിലെറിയാന്‍ തനിക്ക് സാധിക്കില്ല എന്ന ബോധ്യമുള്ളതുകൊണ്ട് ഫാസ്റ്റില്‍ എറിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ സ്വയം ഡെവലപ്പ് ചെയ്യാന്‍ ശ്രമിക്കും എന്നാണ് താരം പറഞ്ഞത്.

‘ഉമ്രാന്‍ മാലിക്കിനെ പോലെ വേഗത്തില്‍ പന്തെറിയാന്‍ കഴിയാത്തതിനാല്‍ പേസിനെ കുറിച്ച് എനിക്ക് വിഷമിക്കാനാവില്ല. അന്താരാഷ്ട്ര തലത്തില്‍ എന്നെത്തന്നെ ഡെവലപ്പ് ചെയ്യാനുള്ള കഴിവുകള്‍ ഞാന്‍ വികസിപ്പിക്കേണ്ടതുണ്ട്. ഞാന്‍ ഒരിക്കലും ഒരു എക്സ്പ്രസ് ഫാസ്റ്റ് ബൗളര്‍ ആയിരുന്നില്ലെങ്കിലും നല്ല ദിവസത്തില്‍ എനിക്ക് 140 കിലോമീറ്റര്‍ വേഗതയില്‍ എറിയാന്‍ സാധിക്കും. എന്റെ ബൗളിങ്ങിനെ ചുറ്റിപ്പറ്റിയുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിലും, എനിക്കുള്ള പരിമിതികളും നേട്ടങ്ങളും മനസിലാക്കുന്നതിലുമാണ് എന്റെ ശ്രദ്ധ എപ്പോഴും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം ടി20യില്‍ മികച്ച പ്രകടനത്തിന് ശേഷം ജൂണ്‍ 17ന് രാജ്കോട്ടില്‍ നടക്കുന്ന നാലാം ടി20യില്‍ തന്റെ പ്രകടനം തുടരാന്‍ ഹര്‍ഷല്‍ ശ്രേമിക്കും. പരമ്പരയിലെ അവസാന മത്സരം ബെംഗളൂരുവില്‍ ജൂണ്‍ 19ന് നടക്കും. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്.

Content Highlights: Harshal Patel says he will  develop his bowling skills

We use cookies to give you the best possible experience. Learn more