| Monday, 4th July 2022, 8:08 am

നിങ്ങള്‍ സഞ്ജു സാംസണ്‍ എന്ന ചോദ്യത്തിനുത്തരം പഠിച്ച് പരീക്ഷയ്ക്ക് വന്നു, എന്നാല്‍ ഇന്ത്യ ചോദിച്ച ചോദ്യം ഹര്‍ഷല്‍ പട്ടേല്‍!! ബാറ്റര്‍മാര്‍ പരാജയപ്പെടുമ്പോള്‍ തിളങ്ങുന്ന ഇന്ത്യയുടെ സ്വന്തം ബൗളേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ ആവേശത്തിലും മുന്നൊരുക്കത്തിലുമാണ് ടീം ഇന്ത്യ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് ആധികാരികമായി ജയിച്ച് ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്ക് മുമ്പ് അപ്പര്‍ ഹാന്‍ഡ് നേടുക എന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് കൃത്യം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള തങ്ങളുടെ ടി-20 പരമ്പര അരംഭിക്കും. കോഹ്‌ലിയും ബുംറയുമടങ്ങുന്ന മുന്‍നിര താരങ്ങള്‍ ആദ്യ ടെസ്റ്റിലുണ്ടാവില്ലെങ്കിലും ദൗര്‍ബല്യങ്ങളെ മറികടന്ന് കുതിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്ക്ക് മുന്നോടിയായ നോര്‍താംപ്റ്റണ്‍ ഷെയറുമായി നടന്ന സന്നാഹ മത്സരമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നേരത്തെ ഡെര്‍ബിഷെയറിനെ ആധികാരികമായി തോല്‍പിച്ചായിരുന്നു ഇന്ത്യ രണ്ടാം മത്സരത്തിലേക്ക് കടന്നത്.

എന്നാല്‍, രണ്ടാം മത്സരത്തില്‍ കളി കൈവിട്ടുപോകുന്ന കാഴ്ചയായിരുന്നു കണ്ടത്. മുന്നേറ്റനിരയെ തകര്‍ത്തെറിഞ്ഞ നോര്‍താംപ്റ്റണ്‍ ഷെയറിന്റെ ബൗളര്‍മാര്‍ ഇന്ത്യയെ വിറപ്പിച്ച് കരുത്ത് കാട്ടി.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പിയായ സഞ്ജുവിനെ സംപൂജ്യനാക്കിക്കൊണ്ടായിരുന്നു നൊര്‍താംപ്റ്റണ്‍ തുടങ്ങിയത്. പിന്നാലെ രാഹുല്‍ ത്രിപാഠിയും കൂടാരം കയറി.

നാലാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവും ഡക്കായി മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. സ്റ്റാര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ നിലയില്ലാ കയത്തിലേക്ക് വീണു.

ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കായിരുന്നു അല്‍പമെങ്കിലും ചെറുത്തുനിന്നത്. ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി കാര്‍ത്തിക്കും മടങ്ങിയതോടെ ഇന്ത്യന്‍ ആരാധകര്‍ തോല്‍വി മുന്നില്‍ കണ്ടു.

പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴാണ് യഥാര്‍ത്ഥ നായകന്‍ ഉണ്ടാവുന്നത് എന്ന് പറയുന്നത് പോലെ ഒരു നായകന്റെ ഉയര്‍ച്ചയായിരുന്നു പിന്നീട് കണ്ടത്. ഹര്‍ഷല്‍ പട്ടേല്‍. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ജസ്പ്രീത് ബുംറയുടെ വെടിക്കെട്ടിന്റെ ബാക്കിയായിരുന്നു ഇവിടെ ഹര്‍ഷല്‍ പട്ടേലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

36 പന്തില്‍ നിന്നും 54 റണ്‍സ് നേടിയ പട്ടേലിന്റെ പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഒടുവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

ബാറ്റിങ്ങില്‍ മാത്രമല്ല തന്റെ ഡിപ്പാര്‍ട്‌മെന്റും വൃത്തിയായാണ് താരം കൈകാര്യം ചെയ്തത്. 3.3 ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റായിരുന്നു താരം നേടിയത്.

മധ്യനിരയില്‍ നിന്നും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച സൈഫ് സായിബിനെ പുറത്താക്കിയായിരുന്നു പട്ടേലിന്റെ തുടക്കം. 35 പന്തില്‍ നിന്നും 33 റണ്‍സുമായി നൊര്‍താംപ്റ്റണ്‍ ഷെയറിനെ പതിയെ കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ച സായിബും പിന്നാലെയെത്തിയ മില്ലറും പട്ടേലിന്റെ വന്യമായ വേഗതയറിഞ്ഞു.

പട്ടേലിന് പുറമെ അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വെങ്കിടേഷ് അയ്യരും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ 10 റണ്‍സിന് ഇന്ത്യ മത്സരം പിടിച്ചടക്കി.

മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെടുമ്പോള്‍ ബൗളേഴ്‌സ് ആഞ്ഞടിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പുതുമയുള്ള കാര്യമല്ല, കാരണം പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോഴാണല്ലോ യഥാര്‍ത്ഥ നായകന്‍മാര്‍ ജനിക്കുന്നത്.

Content Highlight: Harshal Patel’s Incredible Innings in India vs Northampton Shire Warm Up Match

We use cookies to give you the best possible experience. Learn more