ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 28 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്‌ക്കെതിരെ പഞ്ചാബ് ബൗളിങ്ങില്‍ രാഹുല്‍ ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റും നേടി. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്.
ഐ.പി.എല്ലിലെ ആദ്യ 100 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനാണ് പട്ടേലിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഇതിഹാസം ലസിത് മലിംഗയാണ് മുന്നിലുള്ളത്.
ഐ.പി.എല്ലിലെ ആദ്യ 100 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്
ലസിത് മലിംഗ – 15
ഹര്‍ഷല്‍ പട്ടേല്‍ – 14*
ജസ്പ്രീത് ബുംറ – 14
ഡാരില്‍ മിച്ചലിനേയും എം.എസ് ധോണിയേയും ഷര്‍ദുല്‍ താക്കൂറിനേയുമാണ് ഹര്‍ഷല്‍ പുറത്താക്കിയത്. ധോണി ഗോള്‍ഡന്‍ ഡക്കിലാണ് പുറത്തായത്.
മത്സരത്തില്‍ ചെന്നൈക്കായി ബാറ്റ്‌കൊണ്ടും ബോള്‍ കൊണ്ടും തകര്‍പ്പന്‍ പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 26 പന്തില്‍ 43 റണ്‍സ് ആണ് ജഡേജ അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് 21 പന്തില്‍ 32 റണ്‍സ് ഡാരില്‍ മിച്ചല്‍ 19 പന്തില്‍ 30 റണ്‍സും നേടി നിര്‍ണായകമായി. 23 പന്തില്‍ 30 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിങ് ആണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍.
Content Highlight: Harshal Patel In Record Achievement