ട്രോളുകൾക്ക് വിട! ചെണ്ടയിൽ നിന്നും ചെകുത്താനിലേക്ക്; ബുംറക്കൊപ്പമാണ് ഇനി ഇവന്റെ സ്ഥാനം
Cricket
ട്രോളുകൾക്ക് വിട! ചെണ്ടയിൽ നിന്നും ചെകുത്താനിലേക്ക്; ബുംറക്കൊപ്പമാണ് ഇനി ഇവന്റെ സ്ഥാനം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 4:23 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പഞ്ചാബ് കിങ്സ് മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. പഞ്ചാബിന്റെ തട്ടകത്തില്‍ മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 142 പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 19.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിൽ പഞ്ചാബ് ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍ഷല്‍ പട്ടേല്‍ നടത്തിയത്. മൂന്ന് ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കിയാണ് ഹര്‍ഷല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. 5.00 എക്കണോമിയില്‍ പന്തെറിഞ്ഞ ഗുജറാത്ത് താരങ്ങളായ റഹ്‌മത്തുള്ള ഒമര്‍സായി, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍ എന്നിവരെ പുറത്താക്കിയാണ് ഹര്‍ഷല്‍ കരുത്തുകാട്ടിയത്.

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ധാരാളം ട്രോളുകളിലൂടെ പരിഹാസങ്ങളും വിമർശനങ്ങളും ഹർഷൽ നേരിട്ടിരുന്നു. ഇപ്പോൾ ഇവർക്കെല്ലാം മിന്നും ബൗളിങ്ങിലൂടെ മറുപടി നൽകിയിരിക്കുകയാണ് പട്ടേൽ.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും പഞ്ചാബ് താരത്തിന് സാധിച്ചു. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ വിക്കറ്റ് നേട്ടത്തിനൊപ്പമെത്താനാണ് ഹര്‍ഷല്‍ പട്ടേലിന് സാധിച്ചത്. എട്ട് ഇന്നിങ്‌സില്‍ നിന്നും 13 വിക്കറ്റുകളാണ് പട്ടേല്‍ നേടിയത്. ബുംറ ഏഴ് മത്സരങ്ങളില്‍ നിന്നുമാണ് 13 വിക്കറ്റുകള്‍ നേടിയത്.

ഏഴ് മത്സരങ്ങളില്‍ നിന്നും 12 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും മുംബൈ പേസര്‍ ജെറാള്‍ഡ് കൊട്‌സിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.

ഹര്‍ഷല്‍ പട്ടേലിന് പുറമെ ലിയാം ലിവിങ്സ്റ്റണ്‍ രണ്ട് വിക്കറ്റും അര്‍ഷദീപ് സിങ്, നായകന്‍ സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ഗുജറാത്ത് താരം രവിശ്രീനിവാസന്‍ സായ് കിഷോര്‍ ആണ് എറിഞ്ഞു വീഴ്ത്തിയത്. നാല് വിക്കറ്റുകള്‍ ആണ് കിഷോര്‍ നേടിയത്. മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും റാഷിദ് ഖാന്‍ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

21 പന്തില്‍ 35 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ് 12 പന്തില്‍ നേടിയ ഹര്‍പ്രീത് ബ്രാര്‍ എന്നിവരാണ് പഞ്ചാബിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

ഗുജറാത്ത് ബാറ്റിങ്ങില്‍ രാഹുല്‍ തിവാട്ടിയ 18 പന്തില്‍ പുറത്താവാതെ 36 റണ്‍സും നായകന്‍ ശുഭ്മന്‍ ഗില്‍ 29 പന്തില്‍ 35 റണ്‍സും സായ് സുദര്‍ശന്‍ 34 പന്തില്‍ 31 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Harshal Patel great performance against Gujarath Titans