|

പഴയ ടീമിനെ ഒരു ദയയും ഇല്ലാതെ എറിഞ്ഞുവീഴ്ത്തി; ഭുവിയുടെ റെക്കോഡും തകര്‍ത്തെറിഞ്ഞ് ചരിത്രനേട്ടത്തില്‍ ഹര്‍ഷല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നിന്നും പഞ്ചാബ് കിങ്സ് പുറത്ത്. ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 60 റണ്‍സിന് പരാജയപ്പെട്ടാണ് പഞ്ചാബ് പുറത്തായത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. 38 റണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്. ബംഗളൂരു താരങ്ങളായ കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോമറോര്‍ എന്നിവരെയാണ് ഹര്‍ഷല്‍ പുറത്താക്കിയത്. മത്സരത്തിലെ ഇരുപതാം ഓവറില്‍ ആയിരുന്നു ഹര്‍ഷല്‍ മൂന്നു വിക്കറ്റുകളും നേടിയത്.

ഇതിനുപിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഹര്‍ഷല്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഇരുപതാം ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമായി മാറാനാണ് ഹര്‍ഷല്‍ പട്ടേലിന് സാധിച്ചത്. 31 വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേല്‍ ഇരുപതാം ഓവറില്‍ വീഴ്ത്തിയത്.

30 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ മറികടന്നുകൊണ്ടായിരുന്നു ഹര്‍ഷലിന്റെ മുന്നേറ്റം. 39 വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 39 വിക്കറ്റുകളാണ് ബ്രാവോ നേടിയത്.

ഹര്‍ഷന് പുറമേ വിദ്വാത്ത് കവരപ്പ രണ്ടു വിക്കറ്റും അര്‍ഷദീപ് സിങ് നായകന്‍ സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം 47 പന്തില്‍ 92 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ കരുത്തിലാണ് ബെംഗളൂരു മികച്ച ടോട്ടലിലേക്ക് കുതിച്ചത്. ഏഴ് ഫോറുകളും ആറു സിക്‌സുമാണ് താരം അടിച്ചെടുത്തത്. 23 പന്തില്‍ 55 റണ്‍സ് നേടി രജത് പടിദാറും 27 പന്തില്‍ 46 നേടിയ കാമറൂണ്‍ ഗ്രീനും നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി റില്ലി റൂസോ 27 പന്തില്‍ 61 റണ്‍സും ശശാങ്ക് സിങ് 19 പന്തില്‍ 37 നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: Harshal Patel create a new record in IPL