ഹര്‍ഷദ് തിരക്കഥയെഴുതി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ഉണ്ട തിയ്യേറ്റുകളില്‍ നിറഞ്ഞോടുകയാണ്. മമ്മൂട്ടിയുടെ മികച്ച വേഷങ്ങളിലൊന്നായാണ് ഉണ്ടയിലെ എസ്.ഐ മണിയെ പലരും വിശേഷിപ്പിക്കുന്നത്. ഉണ്ട എന്ന ചിത്രത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ വേഷം താന്‍ ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിച്ച കഥ തിരക്കഥാകൃത്ത് ഹര്‍ഷദ് പങ്ക് വെച്ചു. മീഡിയാവണിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഷദ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ വേറൊരു സിനിമ നടക്കാന്‍ വേണ്ടി എറണാകുളത്ത് നില്‍ക്കുന്ന സമയമാണ്. ഈ സമയത്താണ് ഖാലിദ് റഹ്മാനെ കണ്ടുമുട്ടുന്നത്. ഏതാണ്ട് 2016 പകുതിയിലാണ് ഇത് സംഭവിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പത്രകട്ടിങ് മൊബൈലില്‍ കാണിച്ചുകൊണ്ടാണ് റഹ്മാന്‍ സംസാരിക്കുന്നത്. ഈ പത്രകട്ടിങില്‍ ഒരു സിനിമാ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി റഹ്മാന്‍ അതില്‍ കണ്ട പൊലീസുകാരെ ഓരോരുത്തരെയായി പോയി കാണുകയും അവരുടെ ജീവിതാനുഭവങ്ങളൊക്കെ മനസ്സിലാക്കുകയും ചെയ്തു സിനിമയാക്കാനായിട്ട് കുറെ കാലമായി ശ്രമിക്കുന്നു. അത് കേരളത്തിന് പുറത്തൊക്കെ പോയി ചെയ്യേണ്ട സിനിമയായത് കൊണ്ട് സ്വാഭാവികമായും അത് വലിയ ക്യാന്‍വാസ് പടമാണ്. അത് യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കുമെന്ന് അറിഞ്ഞത് കൊണ്ടാകാം ഖാലിദ് ‘അനുരാഗകരിക്കിന്‍ വെള്ളം’ ചെയ്യുന്നത്. ‘അനുരാഗകരിക്കിന്‍വെള്ളം’ വളരെയധികം ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇത് സിനിമയാക്കാം എന്ന് തീരുമാനിക്കുന്നത്. അത് എഴുതാന്‍ പറ്റുന്ന ഒരാളെന്ന അര്‍ത്ഥത്തില്‍ അന്‍വര്‍ റഷീദാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. എനിക്ക് അത് ഭയങ്കര ഹരമായി തോന്നി. എനിക്ക് അല്ലെങ്കില്‍ തന്നെ കേരളം വിട്ടുള്ള പുറത്ത് നിന്നുള്ള സിനിമകള്‍ വളരെയിഷ്ടമാണ്. ഇവിടെ നിന്ന് കൊണ്ട്, വെറും കേരളത്തിന്റെ ഇട്ടാവട്ടത്തിലല്ലാത്ത സിനിമകള്‍ എടുക്കുക എന്നാണ് ആലോചിക്കുന്നത്, നമ്മള്‍ അങ്ങനെയാണ് സിനിമകള്‍ കാണുന്നത്. അങ്ങനെയാണീ വര്‍ക്ക് ഏറ്റെടുക്കുന്നത്. വര്‍ക്ക് ഏറ്റെടുക്കുമ്പോ ആദ്യം കുറച്ച് ദിവസം അവന്‍( ഖാലിദ് ) സ്വരൂപിച്ച വിവരങ്ങളും സാധനങ്ങളും വെച്ച് ഒരു വണ്‍ലൈനുണ്ടാക്കി, അതിന് ശേഷം നമ്മള്‍ക്ക് ആ ഭാഗത്ത് പോകണം എന്ന് പറഞ്ഞു. അപ്പോ ഞാനും റഹ്മാനും അവന്റെ അനിയനും ഛായാഗ്രഹകനുമായ ജിംഷി ഖാലിദ്, പിന്നെ ഇവരുടെ ഒരു അസിസ്റ്റന്റ് നിഥിന്‍- ഞങ്ങള്‍ നാല് പേരും കൂടെ ബസ്തറിലേക്ക് ഒരു റോഡ് ട്രിപ്പടിക്കാന്‍ പോകുന്നു. അതിലെ ഏറ്റവും ഇന്ററസ്റ്റിങ് എന്താണെന്ന് വെച്ചാല്‍ 2016ലെ നോട്ട് നിരോധിച്ചതിന് ശേഷമുള്ള അടുത്ത ആഴ്ച്ചയാണ് ബസ്തറിലേക്ക് പോകുന്നത്. അത് തന്നെ വേറൊരു രസമാണ്. ഞങ്ങളവിടെ കുറച്ച് ദിവസം നിന്ന് കുറച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി. അവിടെ പോയി കണ്ട, കേട്ട കാര്യങ്ങളൊക്കെയാണ്, ആ യാത്രയാണ് ഈ സ്‌ക്രിപ്റ്റിനെ ഇന്ന് സിനിമാ കാഴ്ച്ചാ രൂപത്തിലാക്കാന്‍ സഹായിച്ചത്. അതാണ് അതിന്റെയൊരു തുടക്കം. പിന്നെ അത് കഴിഞ്ഞ് മമ്മൂക്കയോട് കഥ പറഞ്ഞ്, ആദ്യ കഥപറച്ചിലില്‍ തന്നെ മമ്മൂക്ക ‘ഖബൂല്‍’ എന്ന് പറഞ്ഞ് കൈതന്നു’.