സിനിമാ ചര്‍ച്ചകളിലെല്ലാം ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം പുഴു. ജാതി ബോധം, ടോക്‌സിക് പേരന്റിംഗ്, മുസ്‌ലിം പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയാക്കിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത നെഗറ്റീവ് കഥാപാത്രമെന്ന പ്രചരണവും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടി. ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റി നിരവധി വ്യാഖ്യാനങ്ങളാണ് പുറത്ത് വന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്ര ഗേ ആണെന്നും പീഡോഫൈല്‍ ആണെന്നുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അടിമുടി ജാതീയത നിലനില്‍ക്കുന്ന ഇന്ത്യയില്‍ നെഗറ്റിവിറ്റി എന്ന് പറയുന്നത് ജാതി ബോധമാണ് എന്നത് ഭാവനയില്‍ പോലും ആരിലും വന്നില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹര്‍ഷാദ്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഷാദ്.
‘ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം ബോധ്യമായ പോലെയായിരുന്നല്ലോ സംസാരങ്ങള്‍ എല്ലാം. ടോക്സിക് പേരന്റിങ് ആണെന്നും കുട്ടിയുടെ കൈയൊക്കെ പിടിക്കുന്നത് കണ്ടിട്ട് ഇന്റര്‍പ്രറ്റ് ചെയ്തിട്ട് പീഡോഫീലിയ ആണെന്ന കണ്ടുപിടുത്തങ്ങളൊക്കെ വന്നു. പല സ്ഥലത്തും മമ്മൂട്ടി ഗേ കഥാപാത്രം ആണെന്നും വന്നു. എന്നു വെച്ചാല്‍ നെഗറ്റീവ് എന്ന് പറഞ്ഞാല്‍ എന്തൊക്കെയാവാം എന്നുള്ളതിന്റെ ഓരോരുത്തരുടെ ഭാവനകളാണ് വരുന്നത്.
നെഗറ്റീവ് ആണെന്ന് നേരത്തെ ഉറപ്പിച്ചതാണല്ലോ. അതിന് ശേഷം ഈ മൂന്നോ നാലോ കാറ്റഗറികളിലാണ് ചര്‍ച്ചകള്‍ മൊത്തം നടന്നത്. അടിമുടി ജാതീയത നിലനില്‍ക്കുന്ന ഇന്ത്യയില്‍ (ജാതീയതയാണല്ലോ ഇവിടുത്തെ ബേസിക് സ്ട്രക്ചര്‍) നെഗറ്റിവിറ്റി എന്ന് പറയുന്നത് ജാതി ബോധമാണ് എന്നത് ഭാവനയില്‍ പോലും ആരിലും വന്നില്ല. അത് സിനിമ ഇറങ്ങിയപ്പോഴാണ് മനസ്സിലായത്. ആരുടെയും ഇമേജിനേഷനില്‍ പോലും നെഗറ്റീവ് എന്നാല്‍ ജാതി ബോധമാണെന്ന് വന്നിട്ടില്ല. ഞാന്‍ കണ്ടിട്ടില്ല, ഏറ്റവും കുറഞ്ഞത്,’ ഹര്‍ഷാദ് പറഞ്ഞു.
‘ഉണ്ട കഴിഞ്ഞപ്പോള്‍ രണ്ട് തരം പ്രതികരണങ്ങളാണ് വന്നത്. ഒന്ന് മമ്മൂട്ടി എന്ന നടനെ കുറച്ച് കാലം മുമ്പ് വരെ കാണാത്ത ഗെറ്റ് അപ്പില്‍ കണ്ടതിലെ ആഹ്ലാദമൊക്കെയാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. മമ്മൂട്ടി പണ്ടും അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഉണ്ട ഇറങ്ങുന്നതിനും കുറച്ച് കാലം മുമ്പ് വരെ അത്തരത്തിലൊരു വേഷത്തില്‍ മമ്മൂട്ടിയെ കണ്ടിരുന്നില്ല. അതിന്റെ ഒരു സുഖം ഉണ്ടയുടെ റിസപ്ഷന് പിന്നിലുണ്ടായിരുന്നു.
രണ്ടാമത് കേരളം ആഘോഷിച്ചത് ലുക്മാന്റെ കാരക്ടറിന്റെ റെപ്രസന്റേഷനും അതിന്റെ വേദനകളുമാണ്. അതൊന്നുമല്ലായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. നമ്മള്‍ ഉദ്ദേശിച്ച രൂപത്തില്‍ തന്നെ ജനങ്ങള്‍ സ്വീകരിക്കണമെന്ന് വാശിപിടിക്കാനും പറ്റില്ല. ഭയങ്കര സട്ടിലായിട്ടാണ് ഉണ്ടയില്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചത്.
നമ്മള് വലിയ ഒരു ജനസമൂഹത്തിന്റെ ഇടയില്‍ നിന്നിട്ടാണ് ഇത് പറയുന്നത്. എനിക്ക് എന്റെ ശബ്ദത്തിന്റെ വോള്യം കുട്ടണമെന്ന് തോന്നി, ഇത് കേള്‍ക്കുന്നില്ലായെന്ന് തോന്നി. എന്റെയൊരു സംശയമാണിത്, ശരിയാകാം, തെറ്റാകാം. അങ്ങനെയാണ് പുഴുവില്‍ ഞാന്‍ ശബ്ദം കൂട്ടിവെച്ചത്. എനിക്ക് ഇപ്പോഴും അത് കേള്‍ക്കുന്നില്ലായെന്ന് തോന്നുകയാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: harshad says that interpretations of Mammootty’s character in puzhu is is gay and pedophilia came in social media but no one think about cast