| Tuesday, 11th April 2023, 7:51 pm

ആ നഷ്ടപ്പെട്ട പന്തുകള്‍ ഇനി തിരിച്ച് വരാന്‍ പോണില്ല; ആര്‍.സി.ബിയുടെ തോല്‍വിയില്‍ കോഹ്‌ലിയെ വിമര്‍ശിച്ച് ഹര്‍ഷ ഭോഗ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി വഴങ്ങിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം അവസാനിപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വിരാട് കോഹ് ലിയും ഫാഫ് ഡു പ്ലെസിസും മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 44 പന്തില്‍ 61 റണ്‍സെടുത്ത വിരാടിന്റെ വിക്കറ്റാണ് ആര്‍.സി.ബിക്ക് ആദ്യം നഷ്ടമായത്.

പിന്നീട് ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും കൂറ്റന്‍ അടിയിലൂടെ സ്‌കോര്‍ ഉയര്‍ത്തിയോടെ ആര്‍.സി.ബിയുടെ ടോട്ടല്‍ 212 റണ്‍സിലെത്തി. പക്ഷെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും തോല്‍വി വഴങ്ങാനായിരുന്നു ആര്‍.സി.ബിയുടെ വിധി.

റണ്‍സ് വഴങ്ങാന്‍ ഒരു പിശുക്കും കാണിക്കാത്ത ആര്‍.സി.ബിയുടെ ബൗളിങ് നിരയുടെ പ്രകടനം മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം സമ്മാനിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും ആര്‍.സി.ബിയുടെ ബൗളിങ്ങ് നിരയെ അടിച്ചൊതുക്കിയാണ് സൂപ്പര്‍ ജയന്റ്‌സ് വിജയം കൈപിടിയിലാക്കിയത്.

മധ്യനിരയില്‍ തിളങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസും (30 പന്തില്‍ 65), നിക്കോളാസ് പൂരനും (19 പന്തില്‍ 62) എന്നിവരുടെ ഗംഭീര വെടിക്കെട്ടാണ് ജയന്റ്‌സിന് സൂപ്പര്‍ ജയം സമ്മാനിച്ചത്. 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി ലഖ്‌നൗവിന്റെ 3 വിക്കറ്റ് വീഴ്ത്തിയ സീറാജ് മാത്രമാണ് ബെംഗളൂരു നിരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്. ബാക്കിയുള്ള എല്ലാവരും തന്നെ നല്ല അടിവാങ്ങിയാണ് കൂടാരം കയറിയത്.

എന്നാല്‍ ആര്‍.സി.ബിയുടെ പരാജയഭാരം ബൗളര്‍മാരുടെ ചുമരില്‍ മാത്രം കെട്ടി വെക്കെണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ. ബോളര്‍മാരെ പോലെ തന്നെ ടീമിനെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്നവരാണ് വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസുമെന്നാണ് ഹര്‍ഷ പറഞ്ഞത്.

കളിയില്‍ ഫിഫ്റ്റി അടിച്ചെങ്കിലും കുറെയധികം ബോളുകള്‍ ഇരുതാരങ്ങളും ഒഴിവാക്കിയതാണ് അദ്ദേഹം പരാജയ കാരണമായി ചൂണ്ടിക്കാട്ടിയത്. സ്‌ട്രൈക്ക് റേറ്റിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഇന്നലത്തെ മത്സരത്തില്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്‍ പോലുള്ള മത്സരങ്ങളില്‍ റണ്‍സെടുക്കാതെ ലീവ് ചെയ്യുന്ന ബോളുകള്‍ക്ക് വരെ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ഐ.പി.എല്‍ മത്സരത്തില്‍ സ്‌ട്രൈക്ക് റേറ്റിന്റെ പ്രാധാന്യമൊക്കെ എത്രത്തോളമുണ്ടെന്നതിന്റെ നേര്‍ ചിത്രമാണ് ഇന്നലത്തെ മാച്ച്. 44 പന്തില്‍ 64 റണ്‍സാണ് ഇന്നലെ കോഹ് ലി നേടിയത്. പക്ഷെ സ്‌ട്രൈക്ക് റേറ്റ് 139 ആയിരുന്നു. പക്ഷെ അവസാന 16 റണ്‍സ് എടുക്കാന്‍ 15 ബോളാണ് എടുത്തത്.

ഡു പ്ലെസിസ് 179 സ്‌ട്രൈക്ക് റേറ്റില്‍ 46 പന്തില്‍ 79 റണ്‍സെടുത്തു. പക്ഷെ ഒരിടക്ക് സ്‌കോര്‍ 30 പന്തില്‍ 33 എന്ന നിലക്കായിരുന്നു. ആ നഷ്ടപ്പെട്ട പന്തുകള്‍ ഇനി തിരിച്ചുവരാന്‍ പോണില്ല. അവസാന നിമിഷത്തില്‍ ആര്‍.സി.ബിയുടെ റണ്‍ നിരക്ക് കുറയാനും ഇത് കാരണമായി. സ്‌ട്രൈക്ക് റേറ്റിലെ കണക്കുകളിലല്ല കാര്യം,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

Content Highlight: harsha bogle tweet about virat kohli, and rcb

We use cookies to give you the best possible experience. Learn more