ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കുന്നു എന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ട്.
ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ ധാരാളം ഓവറുകള്‍ താരം എറിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബുംറയുടെ കളിക്കളത്തിലെ ജോലിഭാരം കൂടുന്നുണ്ടെന്ന സാഹചര്യത്തില്‍ താരത്തിന് വിശ്രമം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ. മൂന്നാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം നല്‍കരുതെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്.
‘ ഇന്ത്യന്‍ ടീം ബുംറക്ക് വിശ്രമം നല്‍കണമെങ്കില്‍ ടീമിലുള്ള മറ്റു ബൗളര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തണം. ഒരു നല്ല ബാറ്റിങ് ട്രാക്കില്‍ ബുംറയുടെ കഴിവുകള്‍ ആവര്‍ത്തിക്കപ്പെടുക എന്നുള്ളത് അസാധ്യമാണ്.
രാജകോട്ട് നല്ല ബാറ്റിങ് ട്രാക്കുള്ള പിച്ചാണ്. അതുകൊണ്ടുതന്നെ ബുംറ രാജ്കോട്ടില്‍ കളിക്കണം എന്നിട്ട് റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ അവന് വിശ്രമം അനുവദിക്കണം. അതിനുശേഷം ധര്‍മശാലയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ അവന്‍ ഇറങ്ങണം. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അത് മികച്ച ഒരു തീരുമാനമായിരിക്കും,’ ഹര്‍ഷ എക്സില്‍ പോസ്റ്റ് ചെയ്തു.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ബുംറ നടത്തിയത്. ആദ്യ ഇന്നിങ്സില്‍ 45 റണ്‍സ് വിട്ടു നല്‍കി ആറ് വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും താരം നേടിയിരുന്നു.
രണ്ട് ഇന്നിങ്സുകളിലായി ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്. മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ജസ്പ്രീത് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഒരു റെക്കോഡ് നേട്ടവും ബുംറ സ്വന്തമാക്കി.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഐ.സി.സിയുടെ മൂന്ന് ഫോര്മാറ്റിലും ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ബൗളര്‍ എന്ന നേട്ടവും ഇതോടെ ബുംറ സ്വന്തമാക്കി.
Content Highlight: Harsha Bhogle talks abouit Jasprith bumrah rest in third test against England.