പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.
ഇന്ത്യക്കെതിരെ പരാജയം ആവര്‍ത്തിച്ചതോടെ വസീം അക്രം ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ പാകിസ്ഥാനെതിരെ വന്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ പാകിസ്ഥാന് പിന്തുണയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ കമന്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹര്‍ഷാ ഭോഗ്ലെ. പാകിസ്ഥാന് ഇനിയും സൂപ്പര്‍ 8ല്‍ എത്താന്‍ കഴിയുമെന്നാണ് ഭോഗ്ലെ പറഞ്ഞത്.
‘പാകിസ്ഥാനെക്കാള്‍ ഇംഗ്ലണ്ടിന് യോഗ്യത നേടുന്നത് ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലണ്ട് ഒമാനെയും നമീബിയയെയും തോല്‍പ്പിക്കണം, ഓസ്ട്രേലിയ സ്‌കോട്‌ലാന്‍ഡിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം, യു.എസിനെ അയര്‍ലന്‍ഡ് പരാജയപ്പെടുത്തുകയും വേണം, (തീര്‍ച്ചയായും, ഇന്ത്യ യു.എസിനെയും തോല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു), നെറ്റ് റണ്‍ റേറ്റ് വ്യത്യാസം വലുതല്ലാത്തതിനാല്‍, അവര്‍ക്ക് ഇപ്പോഴും 4 പോയിന്റുകള്‍ നേടാനാകും,’ അദ്ദേഹം എക്സില്‍ എഴുതി.
മികച്ച രീതിയിലാണ് ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാന് ബൗളര്‍മാര്‍ പ്രകടനം നടത്തിയത്. നസീം ഷാ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫ് മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ഇമാദ് വസീം 15 റണ്‍സും ഫഖര്‍ സമാന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ബാറ്റാര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ സാധിക്കാഞ്ഞതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ ഗ്രൂപ്പ് എയില്‍ പോയിന്റൊന്നും നേടാതെ രണ്ട് തോല്‍വിയുമായി പാകിസ്ഥാന്‍ നാലാമതാണ്. അതേസമയം ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് എ ഗ്രൂപ്പില്‍ നാല് പോയിന്റും +1.455 നെറ്റ് റണ്‍റേറ്റുമായി ഒന്നാമത്. ജൂണ്‍ 12 ന് അമേരിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.
Content Highlight: Harsha Bhogle Talking About Pakistan