|

അവനെ നിങ്ങല്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല, അവന്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്; വെളിപ്പെടുത്തലുമായി ഹര്‍ഷാ ഭോഗ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മെയ് അഞ്ചിന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 28 റണ്‍സിനാണ് പഞ്ചാബ് കിങ്‌സിനെതിരെ വിജയിച്ചത്. എന്നാല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി ഒമ്പതാം നമ്പറിലാണ് എം.എസ്. ധോണി ബാറ്റ് ചെയ്തത്. എന്നാല്‍ ആരാധകരെ നിശബ്ദരാക്കിക്കൊണ്ട് ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പന്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു.

ഇതോടെ ടീമിനെ ധോണി സമ്മര്‍ദത്തിലാക്കിയെന്നും ഒമ്പതാം നമ്പറില്‍ ഇറങ്ങിയെന്നും പറഞ്ഞ് ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, നവ്‌ജ്യോത് സിങ് സിദ്ധു എന്നിവര്‍ താരത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് കമന്റേറ്റരും നിരീക്ഷകനുമായ ഹര്‍ഷാ ഭോഗ്ലെ ധോണിയെ കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ് സംസാരിക്കുകയാണ്. ധോണിക്ക് ഇപ്പോഴും പരിക്കേറ്റിട്ടുണ്ടെന്നും, കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ധോണിക്ക് കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു, അതില്‍ നിന്ന് കരകയറാന്‍ ഒരുപാട് സമയമെടുക്കുകയും ചെയ്തു. എന്നിരുന്നാലും, അവന്‍ അതില്‍ നിന്ന് മുക്തനായിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ഐ.പി.എല്‍ 2024ല്‍ പ്രശ്‌നം അദ്ദേഹത്തെ ഇപ്പോഴും പിന്തുടരുന്നു. അദ്ദേഹത്തിന് ഇപ്പോഴും പരിക്കേറ്റിട്ടുണ്ട്, അതുകൊണ്ടാണ് അദ്ദേഹം നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തത്,

അവന്‍ ഒരു നല്ല ബാറ്ററും ബുദ്ധിമാനായ ക്രിക്കറ്റ് കളിക്കാരനുമാണ്, ഒരു കാരണവുമില്ലാതെ അയാള്‍ക്ക് സ്വയം മാറ്റം വരുത്തില്ല. അവന്റെ കാല്‍മുട്ടുമായി ഇതിന് വളരെയധികം ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നു,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

മുമ്പ് നടന്ന മത്സരങ്ങളില്‍ ധോണി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഡെത്ത് ഓവറില്‍ ക്രീസില്‍ അഴിഞ്ഞാടാന്‍ ഇത്രയും കഴിവുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്ററും നിലവില്‍ ഇല്ല.

Content Highlight: Harsha Bhogle Talking About M.S. Dhoni

Latest Stories