റിങ്കു സിങ്ങിനെ ധോണിയുമായി താരതമ്യം ചെയ്യരുത്: ഹര്‍ഷ ഭോഗ്‌ലെ
Sports News
റിങ്കു സിങ്ങിനെ ധോണിയുമായി താരതമ്യം ചെയ്യരുത്: ഹര്‍ഷ ഭോഗ്‌ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th November 2023, 10:30 pm

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് ഇന്ത്യ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടിയത്.

അഞ്ചു മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്ട്രേലിയ ടി-ട്വന്റി പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം വിജയം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ ബാറ്റിങ്ങില്‍ അവസാന ഘട്ടത്തില്‍ ഒമ്പത് പന്തില്‍ 31 റണ്‍സ് നേടിയ റിങ്കു സിങ്ങിന്റെ മികച്ച പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. 344. 44 സ്ട്രൈക്ക് റേറ്റിലാണ് റിങ്കു രണ്ട് സിക്സറുകളും നാലു ബൗണ്ടറികളും അടിച്ചെടുത്തത്. ആദ്യ ടി-ട്വന്റി മത്സരത്തിലും റിങ്കു 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി മികച്ച ഫിനിഷര്‍ എന്ന ലേബലില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചിട്ടുണ്ട്.

ഇതോടെ നിരവധി പേര്‍ ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണിയുമായി റിങ്കുവിനെ താരതമ്യം ചെയ്തിരുന്നു. വെല്ലുവിളി നിറഞ്ഞ സമയത്ത് മികച്ച പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്. മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഭിഷേക് നായരും ധോണിയെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് റിങ്കു കാഴ്ചവെച്ചതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ധോണിയുമായി റിങ്കുവിനെ താരതമ്യം ചെയ്യരുതെന്ന് പറയുകയാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ.

‘ധോണിയെ പോലെ റിങ്കു സിംഗ് ഫിനിഷ് ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചിരുന്നു. വളരെ കഷ്ടപ്പെട്ട് ഇവിടെയെത്താന്‍ ശ്രമിച്ച ഒരു അത്ഭുത പ്രതിഭയാണ് അദ്ദേഹം. എന്നാല്‍ അവനെയും ധോണിയെയും കൂട്ടി പറയുന്നത് ഒഴിവാക്കുക, ആ യുവാവ് സന്തോഷത്തോടും സ്വാതന്ത്ര്യത്തോടുകൂടിയും ക്രിക്കറ്റ് കളിക്കട്ടെ. അവന്‍ റിങ്കു തന്നെയായി സന്തോഷിക്കട്ടെ,’അദ്ദേഹം എക്‌സില്‍ എഴുതി.

ഓസീസുമായുള്ള രണ്ടാം മത്സരത്തില്‍ യശ്വസി ജയ്സ്വാള്‍ 53 (25) റണ്‍സും ഋതുരജ് ഗെയ്ക്വാദ് 58 (43) റണ്‍സും ഇഷാന്‍ കിഷന്‍ 52 (32) റണ്‍സും നേടിയിരുന്നു. ഓസീസിന് വേണ്ടി മാര്‍ക്കസ് സ്റ്റോയിനിസ് 25 പന്തില്‍ 45 റണ്‍സും മാത്യു വേഡ് 23 പന്തില്‍ 42 റണ്‍സും ടീം ഡേവിഡ് 22 പന്തില്‍ 37 റണ്‍സും നേടിയിരുന്നു. ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയുടെ ആക്രമണത്തില്‍ ഓസീസ് കീഴടങ്ങുകയായിരുന്നു. രവി ബിഷ്ണോയ് നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ പ്രസീദ് കൃഷ്ണ 41 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.

നവംബര്‍ 28ന് ബര്‍സാപരാ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ അടുത്ത മത്സരം

 

Content Highlight: Harsha Bhogle says Rinku Singh should not be compared with M.S Dhoni