സഞ്ജു സാംസൺ പന്തിനെ മറികടക്കുമെന്ന് അറിയാമായിരുന്നു, സഞ്ജു ലോകകപ്പ് ടീമിന്റെ അടിസ്ഥാന ഘടകം; ഹർഷ ഭോഗ്ലേ
Cricket news
സഞ്ജു സാംസൺ പന്തിനെ മറികടക്കുമെന്ന് അറിയാമായിരുന്നു, സഞ്ജു ലോകകപ്പ് ടീമിന്റെ അടിസ്ഥാന ഘടകം; ഹർഷ ഭോഗ്ലേ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th December 2022, 12:49 pm

 

ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യയുടെ ടി-20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടു എന്നതാണ് ആരാധകർക്ക് സന്തോഷം നൽകുന്ന പ്രാധാനപ്പെട്ട കാര്യം. എന്നാൽ ഏകദിന ടീമിൽ സഞ്ജുവിന് സെലക്ടർമാർ സ്ഥാനം നൽകിയില്ല.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍.രാഹുല്‍ എന്നിവർ ഉൾപെടാത്ത ടി-20 ടീമിനെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി-20 പരമ്പര ജനുവരി മൂന്ന് മുതല്‍ഏഴ് വരെയാണ് നടക്കുക. പേസര്‍മാരായ ശിവം മാവിയും മുകേഷ് കുമാറും പുതുമുഖ താരങ്ങളായി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

എന്നാൽ യുവതാരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ ടി-20 ടീമിന്റെ തിരെഞ്ഞെടുപ്പിനെ ആവേശത്തോടെ നോക്കിക്കാണുകയാണ് പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്ററും മാധ്യമ പ്രവർത്തകനുമായ ഹര്‍ഷ ഭോഗ്ലേ.

 

 

യുവതാരങ്ങളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരിക്കുന്ന ടി-20 ടീമിന്റെ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നാണ് ഭോഗ്ലേ അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടാതെ 2024 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിന്റെ അടിസ്ഥാനം യുവതാരങ്ങൾ ഉൾപ്പെട്ട ഈ ടീമായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“നിലവിൽ പ്രഖ്യാപിക്കപ്പെട്ട ടി-20 ടീമിന്റെ പ്രകടനം എന്തായിരിക്കുമെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. വളരെയധികം ആകാംക്ഷയും ആവേശവും ഉണര്‍ത്തുന്ന ടീമാണിത്. 2024ലെ ലോകകപ്പ് സ്‌ക്വാഡിന്റെ അടിസ്ഥാനം ഈ ടീമിൽ നിന്നുമായിരിക്കും,’ ഭോഗ്ലേ ട്വീറ്റ്‌ ചെയ്തു.

“ഇഷാൻ കിഷനും സഞ്ജുവും പന്തിനെ മറികടന്നിരിക്കുന്നു. ഇത് നടക്കുമെന്നെനിക്ക് ഉറപ്പായിരുന്നു. ഇഷാൻ, ഋതുരാജ്, സാംസൺ, സൂര്യകുമാർ യാദവ് എന്നിവർ ചേരുന്ന ടോപ്പ് ഫോർ ഗംഭീരമാണ്.

രജത്ത് പാട്ടിദാര്‍, ദീപക് ഹൂഡയുമായും രാഹുല്‍ ത്രിപാഠിയുമായും നല്ലൊരു മത്സരം കാഴ്ച വെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ഭോഗ്ലെ കൂട്ടിച്ചേർത്തു.

 

 

ഇന്ത്യയുടെ ശ്രീലങ്കൻ ടി-20 പരമ്പരക്കുള്ള ടീം

ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റൻ), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റൻ), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടൺ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, ശിവം മാവി, മുകേഷ് കുമാര്‍.

 

Content Highlights:harsha bhogle said he already knows sanju samson will overtake rishabh pant